Ultimate magazine theme for WordPress.

ജിസാന്‍, അസീര്‍ ഭാഗങ്ങളില്‍ ഇന്ന് മഴയുണ്ടാവും : ഉച്ചയ്ക്ക് ശേഷം ഇടിമിന്നലും ആലിപ്പഴ വര്‍ഷവും

റിയാദ് : സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ ഉച്ചയ്ക്ക് ശേഷം മഴയുണ്ടാവും. വടക്കന്‍ പ്രദേശങ്ങളില്‍ താരതമ്യേന തണുപ്പുള്ള കാലാവസ്ഥ ആയിരിക്കും. രാജ്യത്തിന്റെ മറ്റു വിവിധ പ്രദേശങ്ങളില്‍ മിതമായ താപനില അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറുള്ള ജിസാന്‍, അസീര്‍ പര്‍വതപ്രദേശങ്ങളില്‍ ഉച്ചതിരിഞ്ഞ് ഇടിമിന്നലുകള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഈ മേഖലയില്‍ ഉച്ചയോടെ മഴമേഘങ്ങള്‍ ശക്തമായി രൂപപ്പെടും. ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളായ ഇവിടെ മഴമേഘങ്ങള്‍ കേന്ദ്രീകരിക്കുന്നതിനാല്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

തിങ്കളാഴ്ച വൈകുന്നേരങ്ങളില്‍ ഇടിമിന്നലുകള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ചിലപ്പോള്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കും. ഇന്നലെ ഞായറാഴ്ച റിയാദില്‍ കനത്ത മഴകാരണം സ്‌കൂളുകള്‍ക്ക് അവധി നല്‍കി ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തിയത്. റിയാദിലെ നിരവധി സ്ഥലങ്ങളില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയുമുണ്ടായി. കിഴക്കന്‍ മേഖലയിലെ നിരവധി ഭാഗങ്ങളിലും മഴ പെയ്യാനുള്ള സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ ഇന്ന് കൂടി തുടരുമെന്നാണ് സൗദി സിവില്‍ ഡിഫന്‍സ് നേരത്തേ അറിയിച്ചിരുന്നത്. മാര്‍ച്ച് 21 മുതല്‍ 25 വരെ രാജ്യത്ത് പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.