അബുദാബി: യുഎഇയിൽ കനത്ത മഴ. അബുദാബിയിലും ദുബൈയിലും ഇന്ന് പുലർച്ചെ ശക്തമായ മഴയാണ് ലഭിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശി. പുലർച്ചെ മൂന്ന് മണിക്ക് ഇടിയും മിന്നലും ഉണ്ടായിരുന്നു. ശക്തമായ മഴയെ തുടർന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം രാജ്യത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അൽ ദഫ്ര, അൽ സില പ്രദേശങ്ങളിലാണ് കനത്ത മഴ ആദ്യം റിപ്പോർട്ട് ചെയ്തത്. ഇന്ന് രാത്രി എട്ടു മണി വരെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മെയ് രണ്ട്, മൂന്ന് തീയതികളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് ജാഗ്രതാ നിർദ്ദേശങ്ങളും നൽകിയിരുന്നു. ഷാർജയിലും ദുബൈയിലും സ്കൂളുകൾക്ക് വിദൂര പഠനം ഏർപ്പെടുത്തി. പാർക്കുകളും ബീച്ചുകളും അടച്ചു. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ കമ്ബനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം ഒമാനിലും ഇന്ന് കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെയ് രണ്ട് വ്യാഴാഴ്ച കനത്ത മഴയ്ക്കും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു . 20-80 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പിൽ പറയുന്നത്. ഇതേ തുടർന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അൽ ബുറൈമി, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, മസ്കറ്റ്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ, ദോഫാർ ഗവർണറേറ്റുകളിൽ വ്യാഴാഴ്ച രാത്രി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. മുസന്ദം, അൽ വുസ്ത, സൗത്ത് അൽ ശർഖിയ ഗവർണറേറ്റുകളിൽ വിവിധ തീവ്രതകളിൽ മഴ പെയ്യുമെന്നും അറിയിപ്പുണ്ട്. മണിക്കൂറിൽ 28 മുതൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.