യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികള്‍.
വാഷിങ്ടന്‍: യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികള്‍. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിൻ്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്. സംഭവത്തിനിടെ ട്രംപ് അനുകൂലികളിലൊരാള്ക്ക് വെടിയേറ്റുമരിച്ചു. കാപിറ്റോൾ മന്ദിരത്തിനു സമീപം ഒരു സ്ഫോടക വസ്തു കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ പലയിടങ്ങളിലായി ഒന്നിലേറെ സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നത്. അക്രമകാരികളെ ഒതുക്കാൻ നാഷണൽ ഗാർഡിനേയും വിന്യസിച്ചിരുന്നു. ഇതോടെ വൈകിട്ട് 6 മണിക്ക് പൊലീസ് കർഫ്യൂ പ്രഖ്യാപിച്ചു. എന്നിട്ടും നൂറുകണക്കിന് പ്രതിഷേധക്കാർ കാപ്പിറ്റോൾ മൈതാനത്ത് കുത്തിയിരിക്കുകയാണ്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യം പക്ഷെ മേയർ മുറീൽ ബൗസർ വ്യക്തമാക്കിയില്ല.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധക്കാധക്കാര് കടന്നതോടെ യുഎസ് കോണ്‍ഗ്രസിൻ്റെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ് യു എസ് കോണ്‍ഗ്രസിൻ്റെ സഭകള്‍ ചേരുന്നതിനിടെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവര്‍ മന്ദിരത്തിന് പുറത്തെത്തുകയും പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഇവര്‍ മന്ദിരത്തിനകത്തു കടക്കുകയായിരുന്നു.
ഏറെ നേരത്തിനു ശേഷം തന്റെ അണികളോട്അക്രമമരുതെന്നും സമാധാനം പുലർത്തണമെന്നും മാത്രമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ, പാർലമെന്റ് നടപടികളെ പോലും വികൃതമായി അനുകരിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ കളങ്കം ചാർത്തുകയായിരുന്നു കലാപകാരികൾ. സംഭവ പരമ്പരകളെ ശക്തമായി അപലപിച്ച നിയുക്ത പ്രസിഡണ്ട്, ഒരു രാജ്യത്തെ തന്നെ രണ്ടായി വിഭജിക്കാനുള്ള ശ്രമമാണിതെന്നും പറഞ്ഞു. എന്നാൽ, രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
