അരിസോണ : അരിസോണയിലെ സ്കോട്ട്സ്‌ഡെയ്‌ലിൽ പാസ്റ്റർ മാർക്ക് ഡ്രിസ്‌കോളിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ട്രിനിറ്റി ചർച്ച് വലിയൊരു വളർച്ചയുടെ പാതയിലാണ്. 2016-ൽ ഒരു ചെറിയ ബൈബിൾ സ്റ്റഡി ഗ്രൂപ്പായി ആരംഭിച്ച ഈ സഭയിൽ ഇന്ന് ഓരോ ശുശ്രൂഷയിലും അയ്യായിരത്തോളം വിശ്വാസികളാണ് പങ്കെടുക്കുന്നത്. നിലവിലുള്ള സൗകര്യങ്ങൾ വിശ്വാസികൾക്ക് തികയാതെ വന്നതോടെ 15.5 മില്യൺ ഡോളർ (ഏകദേശം 130 കോടി രൂപ) ചിലവിൽ പുതിയൊരു ബൃഹത്തായ കെട്ടിടം സഭ സ്വന്തമാക്കി.
116,200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ രണ്ട് നില കെട്ടിടം വാങ്ങാനായി അസംബ്ലീസ് ഓഫ് ഗോഡ് വിഭാഗവുമായി ബന്ധപ്പെട്ട ഫിനാൻഷ്യൽ ഗ്രൂപ്പിൽ നിന്നാണ് വായ്പ സ്വീകരിച്ചിരിക്കുന്നത്. വിശ്വാസികളുടെ കുടുംബം വീടിനേക്കാൾ വളർന്നു കഴിഞ്ഞുവെന്നും ഇതിനായി ദൈവം വഴി തുറന്നതായും പാസ്റ്റർ മാർക്ക് ഡ്രിസ്‌കോൾ സഭയുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചു. പഴയ കെട്ടിടത്തേക്കാൾ നാലിരട്ടി വിസ്തീർണ്ണവും ഇരട്ടി സീറ്റിംഗ് കപ്പാസിറ്റിയും കുട്ടികൾക്കായി മൂന്നിരട്ടി സ്ഥലവും പുതിയ ആസ്ഥാനത്തുണ്ട്.

Comments are closed.