കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കണ്‍വൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഫെബ്രുവരി 11 ബുധൻ മുതൽ 15 ഞായർ വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷൻ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
ഇന്ന് രാവിലെ കൊട്ടാരക്കര സെന്റർ പ്രാദേശിക സഭകളുടെ സൺഡേസ്കൂൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുവിശേഷ വിളംബര ജാഥ നടന്നു. ഫെബ്രുവരി 11 ന് വൈകിട്ട് 3 ന് ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര ജാഥ കൊട്ടാരക്കര ടൗൺ വഴി കൺവൻഷൻ ഗ്രൗണ്ടിൽ സമാപിക്കുന്നതോടെ കൺവൻഷന് തുടക്കമാകും.
ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം, ശനിയാഴ്‌ച വൈകിട്ട് 3 ന് യുവജന മീറ്റിംഗ് എന്നിവ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട സെന്റർറുകളിലെ 70 സഭകളുടെ സംയുക്ത സഭായോഗവും വൈകിട്ട് 5.45 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. ഫെബ്രുവരി 16 ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന യോഗവും നടക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. സാർവ്വദേശീയ കണ്‍വൻഷന്റെയും ദൈവീക രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി കൊട്ടാരക്കര സെന്ററിലെ എല്ലാ പ്രാദേശിക സഭകളിലും പ്രത്യേക ഉപവാസ പ്രാർത്ഥനയും കണ്‍വൻഷൻ ദിവസങ്ങളിൽ കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിന് സമീപമുള്ള പ്രാർത്ഥന ഹാളില്‍ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റിയേഴ്‌സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും. കൊട്ടാരക്കര സെന്റർ പാസ്റ്റർ വി ജോർജ്കുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ എ പോൾ രാജ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
65 ൽ അധികം രാജ്യങ്ങളിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന സഭയുടെ രാജ്യന്തര കൺവൻഷനുകൾ ചെന്നൈ, കൊട്ടാരക്കര, കോക്കാവിള (ശ്രീലങ്ക), പെൻസിൽവാനിയ (യു.എസ്) എന്നിവിടങ്ങളിലാണ് എല്ലാ വർഷവും നടക്കുന്നത്.

Comments are closed.