പ്രിയതമയുടെ ജീവശ്വാസം സ്വീകരിച്ചു മരണത്തിലേക്ക്
ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കെ രാജ്യത്ത് പലയിടങ്ങളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ജീവശ്വാസം കിട്ടാതെ മരണത്തോടു മല്ലിടുന്ന മനുഷ്യരുടെ നിരവധി വാര്‍ത്തകളും ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
അത്തരത്തില്‍ ഹൃദയഭേദകമായൊരു കാഴ്ചയാണ് ആഗ്രയില്‍ നിന്നും പുറത്തുവരുന്നത്. ജീവശ്വാസം കിട്ടാതെ മരണത്തോടു മല്ലിടുന്ന പ്രിയതമന് അവസാന ശ്വാസം നല്‍കുന്ന സ്ത്രീയുടെ ചിത്രം.
കൊവിഡ് ബാധിച്ച ഭര്‍ത്താവിനെ അവര്‍ ആഗ്ര എസ്.എന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഓക്‌സിജന്‍ ക്ഷാമം കാരണം അദ്ദേഹത്തെ ഓട്ടോയില്‍ തന്നെ നിര്‍ത്തുകയായിരുന്നു. ഒടുവില്‍ തന്റെ മടിയില്‍ കിടന്ന ഭര്‍ത്താവിന് യുവതി ജീവശ്വാസം പകര്‍ന്നുവെങ്കിലും അയാള്‍ മരണപ്പെട്ടു. ഓക്സിജന്റെ അഭാവം മൂലം ചികിത്സ ലഭിക്കാതെ നിരവധി പരാണ് മരിച്ചു വീഴുന്നത്. അതേസമയം, കൊവിഡ് കേസുകളും മരണസംഖ്യയും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 3,52,991 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2812 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
