എ.റ്റി.ജോസഫ്
“ദൈവത്തോട് ചാറ്റ് ചെയ്യാൻ എന്തെങ്കിലും ഓൺലൈൻ മാർഗ്ഗങ്ങൾ ഉണ്ടോ?” പെട്ടെന്നുള്ള ചോദ്യം പുരോഹിതനെ അമ്പരപ്പിച്ചു.
ആയിരം മൈലുകൾ താണ്ടി മമ്മിയെ കാണാൻ വന്നതാണ് മകൾ ജോയ്‌സ്.
പെട്ടെന്നുണ്ടായ പക്ഷാഘാതം മമ്മിയെ തളർത്തിക്കളഞ്ഞു. ഇപ്പോൾ ആശുപത്രി കിടക്കയിൽ സീലിംഗിലേക്ക് നോക്കി കിടക്കുവാനേ കഴിയുന്നുള്ളൂ. ഓടി നടന്ന് ജോലികൾ ചെയ്തിരുന്ന മമ്മിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് ജോയ്‌സിനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.
പ്രാർത്ഥിക്കുന്ന മമ്മിക്ക് ഇങ്ങനെ സംഭവിച്ചതിൽ, ദൈവത്തെ ചോദ്യം ചെയ്യാനായിരിക്കാം ചാറ്റിംഗ് സംവിധാനം വല്ലതും ഉണ്ടോ എന്ന് അവൾ ചോദിച്ചത്.
പൊട്ടിക്കരഞ്ഞുകൊണ്ടുള്ള അവളുടെ ചോദ്യത്തിന് ആ പുരോഹിതൻ ശാന്തമായി മറുപടി പറഞ്ഞു: “തീർച്ചയായും ഉണ്ട്, ദൈവത്തോട് എപ്പോഴും ബന്ധപ്പെടാൻ കഴിയുന്ന ചാറ്റിംഗ് സംവിധാനമാണ്, ‘പ്രാർത്ഥന’. അതിലൂടെ നമുക്ക് ദൈവത്തോടും, ദൈവത്തിന് നമ്മോടും ചാറ്റ് ചെയ്യാൻ കഴിയും”.
ദിവസങ്ങൾ കഴിഞ്ഞ് പുരോഹിതനെ വീണ്ടും കണ്ടപ്പോൾ അവൾ ഓടി ചെന്നു: “ദൈവദാസനേ, മമ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നു. എൻ്റെ സങ്കടത്തിനും വളരെ ആശ്വാസമുണ്ട്”.
സത്യത്തിൽ ജോയ്‌സിൻ്റെ മമ്മിക്ക് വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും പ്രാർത്ഥന എന്ന ചാറ്റിംഗിലൂടെ ദൈവഹിതം ഉൾക്കൊള്ളാൻ അവൾക്ക് സാധിച്ചു എന്നതാണ് ഏറ്റവും വലിയ മാറ്റം.
പ്രാർത്ഥിക്കുന്നത് കൊണ്ട് നമ്മുടെ ആഗ്രഹങ്ങൾ എല്ലാം സഫലമാകില്ല. പക്ഷെ ദൈവത്തിൻ്റെ ഹൃദയത്തിനനുസരിച്ച് ചുവടുകൾ വയ്ക്കുവാൻ പ്രാർത്ഥന നമ്മെ പ്രാപ്തമാക്കും.

Comments are closed.