വാഹനപകടത്തിൽ വൈദികനും മൂന്നു കന്യാസ്ത്രീകളും ഉൾപ്പെടെ ആറുപേർ മരിച്ചു
ഷില്ലോംഗ്: അമിത വേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ച് വൈദികനും മൂന്നു കന്യാസ്ത്രീകളും ഉൾപ്പെടെ ആറു പേർ മരിച്ചു. മേഘാലയയിലെ സുമേറിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കായിരുന്നു അപകടം . ഞായറാഴ്ച്ച ഷില്ലോംഗിൽനിന്നു സിമന്റുമായി ഗോഹട്ടിയിലേക്കു പോയ ട്രക്ക് എതിർദിശയിൽനിന്നു വന്ന കാറിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ആറു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ആസാമിലെ ബൊ ൻഗായിഗാവ് രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ സേവനമനുഷ്ഠിക്കുന്നവരാണ് മരണമടഞ്ഞ വൈദികനും മൂന്നു കന്യാസ്ത്രീകളും.
ബരാമ ഇടവക വികാരി ഫാ. മാത്യു ദാസും ബരാമ ഫാത്തിമ കോൺവന്റിലെ സിസ്റ്റർ മെലഗ്രിൻ ഡാന്റ്സ്, സിസ്റ്റർ പ്രൊമിള ടിർക്കി, സിസ്റ്റർ റോസി നോൻഗ്രും എന്നീ കന്യാസ്ത്രീകളും ബരാമ സെന്റ് ജോൺസ് ഹൈസ്കൂളിലെ അധ്യാപകനായ ഡീക്കൻ മെയ്റാനും കാർ ഡ്രൈവറുമാണു മരിച്ചതെന്നു ബൊൻഗായിഗാവ് ബിഷപ് ഡോ. തോമസ് പുല്ലോപ്പിള്ളിൽ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഷില്ലോംഗ് സിവിൽ ആശുപത്രിയിലേക്കു മാറ്റി.
