മക്കുര്‍ഡി: നൈജീരിയയിലെ ബെനു സംസ്ഥാനത്തെ ഗോത്രത്തലവന്റെ മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ മൂന്ന് ക്രൈസ്തവരെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. ഫുലാനി തീവ്രവാദികളുടെ അക്രമത്തെ തുടര്‍ന്ന് സ്വത്തുവകകള്‍ നഷ്ടപ്പെട്ട നസാവ് സമൂഹത്തിലെ ക്രൈസ്തവരാണ് സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.
നസാവ് ഗോത്രതലവന്റെ മൃതസംസ്‌കാരത്തിന് ശേഷം ജാറ്റോ-അക്ക പട്ടണത്തിലേക്ക് മടങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളും ഒരു യുവാവുമാണ് കൊല്ലപ്പെട്ടത്. ബെനു സംസ്ഥാനത്തിന്റെ തലസ്ഥാനമായ മക്കുര്‍ഡിയില്‍ നിന്ന് 161 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ക്വാണ്ടെ കൗണ്ടിയിലെ ജാറ്റോ-അക്കയിലാണ് സംഭവം.
പരമ്പരാഗത ക്രൈസ്തവ കര്‍ഷക വിഭാഗമായ നസാവ് ഗോത്രവര്‍ഗത്തിന്റെ സ്ഥലം ഫുലാനി തീവ്രവാദികള്‍ കയ്യേറിയതിനെ തുടര്‍ന്ന് അവിടം ഉപേക്ഷിച്ച് ജാറ്റോ അക്കയിലാണ് ഇപ്പോള്‍ ക്രൈസ്തവര്‍ താമസിക്കുന്നത്. ഫുലാനി തീവ്രവാദികള്‍ കയ്യേറിയ തങ്ങളുടെ സ്ഥലത്ത് സമൂഹത്തിലെ തലവന്‍ ഹനാവെ ലഹയുടെ മൃതസംസ്‌കാരം നടത്തിയ ശേഷം ജാറ്റോ-അക്കയിലേക്ക് മടങ്ങുന്ന വഴിയാണ് സൈനികരുടെ ആക്രമണം. പരിക്കേറ്റ മറ്റു പത്ത് പേര്‍ ചികിത്സയിലാണ്.

Comments are closed.