തങ്ങള്‍ ഒരു കണ്ണ് തുറന്നുപിടിച്ചുകൊണ്ടാണ് ഉറങ്ങുന്നതെന്ന്\’\’ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട കത്തോലിക്ക മതബോധകനായ ഫാ. ഇമ്മാനുവല്‍ ജോസഫ്
കടുണ:നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ കത്തോലിക്കാ ദേവാലയമുള്‍പ്പെടെ രണ്ടു ദേവാലയങ്ങളിലുണ്ടായ തീവ്രവാദി ആക്രമണത്തിന് ശേഷം തങ്ങള്‍ ഒരു കണ്ണ് തുറന്നുപിടിച്ചുകൊണ്ടാണ് ഉറങ്ങുന്നതെന്ന് ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കത്തോലിക്ക മതബോധകനായ ഫാ. ഇമ്മാനുവല്‍ ജോസഫ്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) നു നല്‍കിയ അഭിമുഖത്തിലാണ് സെന്റ് മോസസ് കത്തോലിക്ക ദേവാലയത്തിലെ മതബോധകന്‍ കൂടിയായ ഇമ്മാനുവല്‍ ജൂണ്‍ 19-ലെ ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചത്. തെക്കന്‍ കടുണയിലെ കാജുരു പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലുള്ള റോബോ ഗ്രാമത്തിലെ സെന്റ് മോസസ് കത്തോലിക്ക ദേവാലയത്തിലും, കടുണയിലെ മാറാനാത്ത ബാപ്റ്റിസ്റ്റ് ദേവാലയത്തിലും തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 3 പേര്‍ കത്തോലിക്കരും, തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ 5 പുരുഷന്മാരും ബാക്കിയുള്ളവര്‍ സ്ത്രീകളും കുട്ടികളുമാണ്. റോബോ ഗ്രാമത്തിലെ ക്രൈസ്തവര്‍ക്ക് നേര്‍ക്കുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ തങ്ങളെ ദുര്‍ബ്ബലരും ക്ഷീണിതരുമാക്കിയിരിക്കുകയാണ്. തങ്ങള്‍ ഭയത്തിലാണ് കഴിയുന്നത്. ജീവനോടെ ഇരിക്കുന്നതില്‍ മാത്രമാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധ. ദൈവം തങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പോള്‍ തങ്ങള്‍ക്കുള്ളതെന്നും ഇമ്മാനുവല്‍ പറയുന്നു.
