ലോകം ഇന്ന് ഇന്ത്യയെ ഫാർമ ഹബ്ബായി പരിഗണിക്കുന്നു; നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി
130 കോടി ജനങ്ങളുടെയും മഹാവിജയമാണിത്'
ന്യൂഡല്‍ഹി : 100 കോടി ഡോസ് വാക്‌സിന്‍ നല്‍കാനായത് അസാധാരണ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഓരോ പൗരന്റെയും വിജയമാണ്. 100 കോടി എന്നത് വെറും അക്കമല്ല, നാഴികക്കല്ലാണ്. രാജ്യത്തെ മികവിന്റെ പ്രതീകമാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ്. ഇതിനെ ഇന്ത്യ അതിജീവിക്കുമോ എന്നു സംശയം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണ്. ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ലോകം കാണുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ എല്ലാവരോടും നന്ദി അറിയിക്കുന്നു. ഏത് പ്രതിസന്ധിയും നേരിടാന്‍ രാജ്യത്തിന് കഴിയുമെന്നതിന്റെ തെളിവാണിത്.വാക്‌സിനേഷന്‍ 100 കോടി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസംരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ വാക്‌സിനേഷന്‍ യജ്ഞത്തില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. ഇതാ അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ നല്‍കുന്നതില്‍ വിഐപിയെന്നോ, സാധാരണക്കാരനെന്നോ വേര്‍തിരിവുണ്ടായില്ല. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കി. വിഐപി സംസ്‌കാരം ഇല്ലാതാക്കി. വളരെ വേഗത്തിലാണ് രാജ്യം നേട്ടം കൈവരിച്ചത്.നമ്മുടെ രാജ്യമുണ്ടാക്കിയ കൊവിൻ പ്ലാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവൻ ഇന്ത്യയുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയാണ്. ലോകം ഇന്ത്യയെ ഫാര്‍മ ഹബ്ബായി പരിഗണിക്കുകയാണ്. ഏത് കഠിനമായ പ്രതിബന്ധങ്ങളും രാജ്യത്തിന് മറികടക്കാനാകുമെന്നതിന്റെ നേര്‍സാക്ഷ്യമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
