മലബാർ : മലബാറുകാരുടെ 46 വര്‍ഷത്തെ കാത്തിരിപ്പാണ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങിയ തലശ്ശേരി-മാഹി ബൈപ്പാസ്. മുംബൈ പനവേല്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന ദേശീയപാത 66-ന്റെ ഭാഗമായി നിര്‍മിച്ച ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുത്താല്‍ ഉത്തര മലബാറിന്റെ ഗതാഗതവികസനത്തിലെ കുതിപ്പായി മാറും. കേരളത്തില്‍ പണി നൂറുശതമാനം പൂര്‍ത്തിയാക്കിയ ആദ്യത്തെ എന്‍.എച്ച് 66 റീച്ച്, സിഗ്നല്‍ ജങ്ഷനുള്ള എന്‍.എച്ച് 66 റീച്ച് തുടങ്ങി നിരവധി പ്രത്യേകതകളോടെയാണ് കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ നീളുന്ന 18.6 കിലോ മീറ്റർ പാതയൊരുങ്ങിയിരിക്കുന്നത് മാഹിയിലേയും തലശ്ശേരിയിലേയും ‘കുപ്പിക്കഴുത്തുകളില്‍’ കുടുങ്ങി യാത്ര തടസ്സപ്പെടാതെ ഇനി വേഗത്തില്‍ സഞ്ചരിക്കാം. ഗതാഗതക്കുരുക്കില്‍ കുടുങ്ങി ഒരുമണിക്കൂറിലേറെ പാഴാവുന്നിടത്ത് ഇനി 14-20 മിനിട്ട് കൊണ്ട് മുഴുപ്പിലങ്ങാട് എത്താനാവും.
