ഗ്രേയ്റ്റർ നോയിഡ : സമ്പന്നതയിൽ ദൈവത്തെ കാണാനാവില്ലെന്നും സാമ്പത്തിക പരാധീനതകളിൽ ജീവിച്ചവരാണ് ആദ്യ കാലങ്ങളിൽ പെന്തക്കോസ്ത് വിശ്വാസത്തെ പുൽകിയതെന്നും പാസ്റ്റർ പ്രിൻസ് തോമസ് പ്രസ്താവിച്ചു. ഗ്രേയ്റ്റർ നോയിഡയിൽ നടന്നുകൊണ്ടിരിക്കുന്ന ഹാർവെസ്റ്റ് മിഷൻ ഫെസ്റ്റിവലിൽ രണ്ടാം രാത്രി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സാമ്പത്തിക പുരോഗതി മാത്രമല്ല അനുഗ്രങ്ങൾ. സാമൂഹ്യ-സാമ്പത്തിക -മാനസിക- ബൗദ്ധിക മേഖലകളിലെല്ലാം വിജയം കൈവരിക്കേണ്ടതായിട്ടുണ്ട്. ആശയ പാപ്പരത്തവും ബൗദ്ധിക മേഖലകളിലെ അപചയവും സാമൂഹ്യ ജീവിതത്തിൽ ഒരു ദാരിദ്യം തന്നെയാണ്.
മാനസിക പ്രശ്നങ്ങൾക്ക് അടിമപ്പെട്ട് കഴിയുന്നവരും വിഷാദ രോഗങ്ങൾക്ക് വിധേയരായവരും ഒരു വിധത്തിൽ മാനസിക ദാരിദ്ര്യമനുഭവിക്കുന്നവരാണ്. ജാതിവ്യവസ്ഥയുടെ തിക്ക്താനുഭവങ്ങളിലൂടെ കടന്നു പോകുന്നവർ ഇന്നും ഉണ്ട്. തൊഴിൽ മേഖലയിലെ വിവേചനങ്ങൾ അനുഭവിക്കുന്നവരും സാമൂഹ്യദാരിദ്ര്യം പേറുന്നവരാണ്. രാഷ്ട്രീയ മേഖലകളിൽ മൈനോറിറ്റി ആയ നമുക്ക് അവരിൽ നിന്ന് നീതി നിഷേധം ഉണ്ടാകുമ്പോഴും ഒറ്റപ്പെടുത്തുമ്പോഴും അതും ജീവിതത്തിലെ ദാരിദ്ര്യമായി പരിണമിക്കുന്നു. ശാരീരിക വൈകല്യങ്ങളും രോഗാവസ്ഥകളും ജീവിതത്തിലെ മറ്റാരു ഭാരിദ്ര്യ മുഖമാണ്. ഇതിനെല്ലാം പരിഹാരം ക്രിസ്തുവിലൂടെ മാത്രമേ സാധ്യമാകൂവെന്ന് പാസ്റ്റർ പ്രിൻസ് സമർത്ഥിച്ചു.
പാസ്റ്റർ ജോൺസൺ രാമചന്ദ്രൻ മൊഴിമാറ്റം നടത്തി. ഉച്ചയ്ക്ക് നടന്ന സെമിനാറിൽ ഐ.സി.എച്ച്.ആർ സീനിയർ അക്കാദമിക് ഫേലോ ഡോ. ഓമന റസ്സൽ ‘ Moksha in Advaita Philosophy and Salvation in Christianity ‘എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
