ഷാങ്ഹായിൽ സാഹചര്യം ഗുരുതരം
ഷാങ്ഹായ്: പ്രതിദിന കൊവിഡ് കേസുകൾ ഉയർന്നതോടെ ചൈനയുടെ വാണിജ്യ തലസ്ഥാനമായ ഷാങ്ഹായിൽ ജനജീവിതം കൂടുതൽ താറുമാറാകുന്നു. കൊവിഡ് വ്യാപനത്തിൻ്റെ ഹോട്ട്സ്പോട്ട് എന്നറിയപ്പെടുന്ന ഷാങ്ഹായ് നഗരത്തിലെ 2.6 കോടി ജനങ്ങൾ വീടുകളിൽ കഴിയുകയാണ്. മുനിസിപ്പൽ പാർട്ടി കമ്മിറ്റി ലി ക്വിയാങ് ജിൻ റസിഡൻഷ്യൽ ജില്ലയിലെ ലോക്ക്ഡൗൺ സാഹചര്യം സന്ദർശിക്കുകയായിരുന്നു. അവർ തെരുവിൽ ചിത്രീകരിക്കുമ്പോൾ, പെട്ടെന്ന് അവരുടെ വീടുകളിൽ നിന്നുള്ള താമസക്കാർ \”സഹായിക്കൂ, സഹായിക്കൂ, ഞങ്ങൾക്ക് കഴിക്കാൻ ഒന്നുമില്ല\” എന്ന് നിലവിളിച്ചു.
കൊവിഡ് കേസുകൾ നിയന്ത്രിക്കുന്നതിനായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ കർശന നിയന്ത്രണങ്ങളോടെ ലക്ഷക്കണക്കിന് ജനങ്ങൾ വീടുകളിൽ തന്നെ തുടരുകയാണ്. നിയന്ത്രണം ശക്തമാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആവശ്യ സാധനങ്ങൾ ലഭിക്കാത്ത അവസ്ഥയിലാണ് ജനങ്ങളുള്ളത്. ഭക്ഷണത്തിന് പുറമെ മരുന്ന് ഉൾപ്പെടെയുള്ള വസ്തുക്കളുടെ ക്ഷാമം രൂക്ഷമായി. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ആളുകൾ ജനാലകളിൽ കൂടിയും താമസസ്ഥലത്തിൻ്റെ ടെറസിലും കയറി പ്രതിഷേധിക്കുകയും സഹായം അഭ്യർഥിക്കുകയുമാണ്.
