ഗ്രേയ്റ്റർ നോയിഡ : വഴിവിട്ട് സഞ്ചരിക്കുന്ന മനുഷ്യ സമൂഹത്തിന് നേർവഴി കാണിക്കാനും അവരിൽ പരിവർത്തനം വരുത്തുവാനും ക്രിസ്തുവിന് മാത്രമേ കഴിയുകയുള്ളുവെന്ന് ഡോ. ബിജു ജോൺ പ്രസ്താവിച്ചു. ഡൽഹി ഗ്രേയ്റ്റർ നോയിഡയിൽ നടന്നു വരുന്ന ഹാർവെസ്റ്റ് മിഷൻ ഫെസ്റ്റിവലിൻ്റെ അഞ്ചാം ദിവസം പകൽ സംസാരിക്കുകയായിരുന്നു കോളേജിൻ്റെ പ്രിൻസിപ്പൽ കൂടിയായ അദ്ദേഹം. എവിടെയൊക്കെ സുവിശേഷം എത്തിയോ അവിടെയൊക്കെ വ്യക്തികളിലും സമൂഹങ്ങളിലും പ്രകടമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
തത്വശാസ്ത്രങ്ങൾക്ക് മനുഷ്യരിലെ സ്വഭാവവൈകല്യങ്ങളെ മാറ്റാനാവില്ല. എന്നാൽ ക്രിസ്തുവിൻ്റെ സ്നേഹത്തിന് മനുഷ്യൻ്റെ സാമൂഹ്യ-സാമ്പത്തിക തകർച്ചകളിൽ നിന്ന് അവനെ ഉദ്ധരിക്കാൻ പറ്റും. കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും യൂറോപ്പിലും മനുഷ്യൻ്റെ ധാർമ്മിക- സാമൂഹ്യ-സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതിൽ ക്രിസ്ത്യാനിറ്റി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആത്മീയ പരിവർത്തനം മനുഷ്യരിൽ ഉണ്ടാകുമ്പോൾ മറ്റെല്ലാ തലങ്ങളിലും അതിൻ്റെ പ്രതിഫലനം ദർശിക്കാനാകും. ആരോടും എപ്പോഴും സുവിശേഷം പങ്കുവയ്ക്കുവാൻ നാം ജാഗരൂകരായിരിക്കണം. മാനവരാശിയുടെ ഏക പ്രതീക്ഷ ക്രിസ്തു മാത്രമാണെന്നും ഓർമ്മിപ്പിച്ചു കൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
