Ultimate magazine theme for WordPress.

ഡിക്കാസ്റ്ററിയുടെ ഇടക്കാല സെക്രട്ടറിയായി സലേഷ്യൻ സന്യാസിനിയെ നിയമിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: മാനവ വികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ ഇടക്കാല സെക്രട്ടറിയായി കന്യാസ്ത്രീയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. ക്രൈസ്തവരുടെ സഹായമായ മറിയത്തിൻറെ പുത്രികൾ (Daughters of Mary Help of Christians) അഥവാ സലേഷ്യന്‍ സന്ന്യാസിനീ സമൂഹാംഗമായ സിസ്റ്റർ അലെസ്സാന്ത്ര സ്മെറീല്ലിയെയാണ് പാപ്പ പുതിയ പദവിയില്‍ നിയമിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച (26/08/21) ആണ് തൽസ്ഥാനത്തേക്കു നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പാപ്പ പുറപ്പെടുവിച്ചത്. 46 വയസ്സുള്ള സിസ്റ്റർ സ്മെറില്ലി ഇറ്റലി സ്വദേശിനിയാണ്. മാർച്ച് മുതൽ വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ ഉപകാര്യദർശിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സിസ്റ്റര്‍ അലെസ്സാന്ത്ര.

മാനവവികസന വിഭാഗത്തിൻറെ സെക്രട്ടറി മോൺസിഞ്ഞോർ ബ്രൂണൊ മരീ ദുഫെയും അഡീഷണൽ സെക്രട്ടറി ഫാ. ഔഗൂസ്തൊ ത്സമ്പീനിയും സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് താല്ക്കാലിക നിയമനം. വത്തിക്കാൻറെ കോവിഡ് 19 സമിതിയുടെ പ്രതിനിധി എന്ന ചുമതലയും സിസ്റ്റര്‍ വഹിക്കുന്നുണ്ടായിരിന്നു. അതേസമയം വത്തിക്കാനിലെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളുടെ ചുമതലകളിലേക്ക് വനിതകളെ നിയമിക്കുന്നത് ഫ്രാന്‍സിസ് പാപ്പ തുടരുകയാണ്. പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിതയെ നിയമിച്ചതാണ് ഇതിന് മുന്‍പ് ഏറ്റവും ഒടുവിലായി നടത്തിയിരിക്കുന്ന നിയമനം. സ്പാനിഷ് ബൈബിൾ പണ്ഡിതയായ സിസ്റ്റർ നൂറിയ കാൽഡുച്ച് ബെനേജസാണ് ചരിത്രത്തില്‍ ആദ്യമായി ഈ പദവിയുടെ ഉത്തരവാദിത്വം ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ഏറ്റെടുത്തത്

Sharjah city AG