കുമ്പനാട്: കേരള നിയമസഭാ രാഷ്ട്രീയത്തിൽ അവഗണിക്കാനാകാത്ത ശക്തിയായി പെന്തക്കോസ്ത് സമൂഹം മാറിക്കഴിഞ്ഞതായി ഐപിസി സീനിയർ ശുശ്രൂഷകനും പിറവം സെന്റർ പാസ്റ്ററുമായ ബാബു ചെറിയാൻ. തെരഞ്ഞെടുപ്പ് ഫലങ്ങൾ നിർണയിക്കുന്ന നിലയിലേക്ക് പെന്തക്കോസ്ത് വോട്ട് ബാങ്ക് ഉയർന്നുവന്ന സാഹചര്യത്തിൽ സഭയ്ക്ക് സ്വന്തമായി നിയമസഭാ പ്രതിനിധികൾ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
102-ാമത് ഐപിസി ജനറൽ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു പാസ്റ്റർ ബാബു ചെറിയാൻ. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള നിരവധി നിയമസഭാ മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ നിർണയിക്കാൻ പെന്തക്കോസ്ത് വോട്ടുകൾക്ക് നിർണായക സ്വാധീനം ചെലുത്താനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ സംഘടനാ കരുത്ത് തെളിയിച്ചിട്ടും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അർഹമായ പരിഗണന നൽകാത്തതിൽ സമൂഹത്തിനിടയിൽ ശക്തമായ അസംതൃപ്തി നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
സഭയുടെ ശബ്ദം നിയമസഭയിൽ ഉറപ്പാക്കുന്നതിന് വിശ്വാസികൾ രാഷ്ട്രീയമായി കൂടുതൽ ജാഗ്രത പുലർത്തണമെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ നിർണായകഘട്ടമായി കാണണമെന്നും പാസ്റ്റർ ബാബു ചെറിയാൻ ആഹ്വാനം ചെയ്തു.

Comments are closed.