മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയമായ ടെംപിൾ ഇസ്രായേലിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ നിന്ന് നൂറിലധികം കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സ്ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി എത്തിയ അക്രമി തന്റെ ട്രക്ക് ദേവാലയത്തിന്റെ മുൻവാതിൽ തകർത്ത് അകത്തേക്ക് ഓടിച്ചു കയറ്റിയത്. ഇതേത്തുടർന്ന് കെട്ടിടത്തിനുള്ളിൽ തീപിടുത്തമുണ്ടാവുകയും പുക പടരുകയും ചെയ്തതോടെ പ്രാർത്ഥനയ്ക്കും പഠനത്തിനുമായി എത്തിയവർ പരിഭ്രാന്തരായി.
സംഭവസമയത്ത് ദേവാലയത്തിനുള്ളിലെ സ്കൂളിൽ 140-ഓളം കുട്ടികളുണ്ടായിരുന്നു എന്നത് ആക്രമണത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ നിമിഷങ്ങൾക്കുള്ളിൽ അക്രമിയെ വെടിവെച്ച് വീഴ്ത്തിയതോടെ വലിയൊരു കൂട്ടക്കൊല ഒഴിവാക്കാനായി. ഏറ്റുമുട്ടലിൽ അക്രമി സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ഒരു സുരക്ഷാ ജീവനക്കാരന് പരിക്കേറ്റെങ്കിലും കുട്ടികളും ജീവനക്കാരും സുരക്ഷിതരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട അക്രമി ലെബനൻ വംശജനായ അമേരിക്കൻ പൗരൻ അയ്മാൻ മുഹമ്മദ് ഗസാലിയാണെന്ന് എഫ്ബിഐ തിരിച്ചറിഞ്ഞു. ഇയാളുടെ വാഹനത്തിൽ നിന്ന് റൈഫിളുകളും മോർട്ടാർ ഇനത്തിൽപ്പെട്ട സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സംഭവത്തെത്തുടർന്ന് മിഷിഗണിലുടനീളം ജൂത കേന്ദ്രങ്ങളിൽ സുരക്ഷ അതീവ ജാഗ്രതയിലാണ്.

Comments are closed.