Ultimate magazine theme for WordPress.

ഇന്ത്യ യിൽ നിന്നും ‘ഭാരത്’ എന്നാക്കി നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോ

 

രാജ്യത്തിന്റെ പേര് ‘ഇന്ത്യ’യിൽ നിന്നും ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള നീക്കം ചർച്ചയാകുന്നതിനിടെ നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ ലോഗോയും കൂടി എത്തുന്നു. മെഡിക്കൽ കമ്മീഷന്റെ സൈറ്റിൽ അല്പം മുൻപ് വന്ന പുതിയ ലോഗോയാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്. ലോഗോയിൽ ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഇപ്പോൾ ഭാരത് എന്നാണ് കാണാൻ കഴിയുന്നത്. മാത്രമല്ല ലോഗോയുടെ നടുവിൽ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ ചിത്രവും പുതിയ ലോഗോയിൽ ചേർത്തിട്ടുണ്ട്. പുതിയ ലോഗോയെ പ്രശംസിച്ചും വിമർശിച്ചും നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഇപ്പോൾ രംഗത്ത് വരുന്നുണ്ട്.എന്നാൽ, ഈ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയിൽ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ ഭാരത് എന്ന് ചേർത്തതോടെയാണ് രാജ്യത്തിന്റെ പേര് മാറ്റുന്നുവെന്ന വിഷയത്തിൽ വലിയ തോതിൽ ചർച്ചകൾ തുടങ്ങിയത്. ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെയിംപ്ലേറ്റിലും ഭാരത് എന്ന് ആയിരുന്നു ചേർത്തത്. ഇതും കേന്ദ്രസർക്കാരിന്റെ നീക്കത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി നൽകിയിരുന്നു. പിന്നാലെ കേന്ദ്രമന്ത്രിമാർ തങ്ങളുടെ എക്സ് അക്കൗണ്ട് ബയോയിലും ഭാരത് എന്നാക്കിയത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ഭരണഘടനയിൽ ഇന്ത്യ എന്നും ഭാരത് എന്നും ഉപയോ​ഗിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ നിർദേശങ്ങളിൽ ഭാരത് എന്ന് ഉപയോ​ഗിക്കുന്നതിൽ തെറ്റില്ല എന്നുമാണ് വിഷയത്തിൽ കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ കേന്ദ്രത്തിന്റെ എല്ലാ വാദങ്ങളെയും തള്ളിക്കൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്ത് വന്നത്.

 

Sharjah city AG