മാഡ്രിഡ്: ഭാരതത്തിന്റെ രക്തസാക്ഷിയായ സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ‘ദ ഫേസ് ഓഫ് ദ ഫേസ്ലെസ്’ എന്ന ചലച്ചിത്രം സ്പെയിനിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. സ്പാനിഷ് ഭാഷയിൽ ‘എൽ റോസ്ട്രോ ഡെൽ പെർദോൺ’ എന്ന പേരിൽ മാർച്ച് ആറിനാണ് ചിത്രം റിലീസ് ചെയ്തത്. രാജ്യാന്തര തലത്തിൽ ഇതിനോടകം തന്നെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ചിത്രം സിസ്റ്റർ റാണി മരിയയുടെ ജീവിതവും ത്യാഗവും പ്രമേയമാക്കിയുള്ളതാണ്.
മധ്യപ്രദേശിലെ ഉദയ് നഗറിൽ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി പ്രവർത്തിക്കുന്നതിനിടയിൽ 1995-ലാണ് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അംഗമായ സിസ്റ്റർ റാണി മരിയ കൊല്ലപ്പെടുന്നത്. സിസ്റ്ററുടെ മരണശേഷം തന്റെ മകളെ കൊലപ്പെടുത്തിയ സമുന്ദർ സിംഗിന് റാണി മരിയയുടെ കുടുംബം മാപ്പ് നൽകുന്ന ഹൃദയസ്പർശിയായ ചരിത്രവും സിനിമയിൽ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. ക്രിസ്തീയമായ ക്ഷമയുടെയും സ്നേഹത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ഈ ചിത്രം സ്പെയിനിലെ പ്രേക്ഷകർക്കിടയിൽ വലിയ താല്പര്യം സൃഷ്ടിക്കുന്നുണ്ട്.

Comments are closed.