ക്രൈസ്തവ ചരിത്രം പാഠ്യപദ്ധതിയാകാനൊരുങ്ങി ഇറാഖി സർക്കാർ
കുര്‍ദ്ദിസ്ഥാന്‍:വിഭാഗീയതയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇറാഖി കുര്‍ദ്ദിസ്ഥാനിലെ സര്‍ക്കാര്‍ തയ്യാറാക്കുന്ന പുതിയ പാഠ്യപദ്ധതിയില്‍ ക്രൈസ്തവ ചരിത്രത്തിനു പ്രാധാന്യം നല്‍കിയതിനെ സ്വാഗതം ചെയ്ത് ഇറാഖിലെ കല്‍ദായ മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദ. വിഭാഗീയതയെ വെറുത്ത ഇറാഖികള്‍ പൊതുനന്മക്കായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിരിക്കുകയാണ്. കുര്‍ദ്ദിസ്ഥാന്‍ മേഖലയില്‍ മാത്രമാണ് പുതിയ പാഠ്യപദ്ധതി വരുന്നതെങ്കിലും ഇറാഖിന്റെ മറ്റ് ഭാഗങ്ങളും ഈ മാതൃക സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇറാഖി ജനത. വടക്കന്‍ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആധിപത്യമുറപിച്ചത് മുതല്‍ രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ വലിയ രീതിയില്‍ കുറയുന്നതിന് കാരണമായിരിന്നു. അമുസ്ലിങ്ങളെ രാജ്യത്ത് നിന്നും ആട്ടിപ്പായിക്കുക എന്നതായിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ ലക്ഷ്യം. ഇസ്ലാമിക ചുങ്കം നല്‍കാത്ത ക്രൈസ്തവരും, യസീദികളും മരിക്കുവാന്‍ തയ്യാറാവുകയോ അല്ലെങ്കില്‍ രാജ്യം വിടുകയോ വേണം എന്നതടക്കമുള്ള അനേകം തീവ്രനയങ്ങള്‍ പതിനായിരങ്ങളുടെ പലായനത്തിലേക്ക് നയിച്ചു.എന്നാൽ ഇപ്പോൾ ക്രൈസ്തവ വിശ്വാസം ഉള്‍പ്പെടെ എല്ലാ മതങ്ങളേയുംകുറിച്ചു സ്കൂള്‍ കുട്ടികളെ പഠിപ്പിക്കുന്ന പുതിയൊരു പാഠ്യപദ്ധതി കുര്‍ദ്ദിസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
