Ultimate magazine theme for WordPress.

തുല്യമില്ലാത്ത ദൈവസാദൃശ്യവും ദൈവസാദൃശ്യമുള്ള മനുഷ്യനും

*പാസ്റ്റർ പ്രവീൺ പ്രചോദന*

യാഗങ്ങൾക്ക് വളരെ പ്രാധാന്യം നിറഞ്ഞു നിൽക്കുന്ന ന്യായപ്രമാണം. പഴയനിയമ ദൈവജനം കർമ്മാചാരമായി അനുഷ്ഠിച്ചുവന്നെങ്കിലും ദൈവത്തിനു യാഗങ്ങളിൽ പ്രസാദമല്ലായിരുന്നു. അറുക്കപ്പെടുന്ന മൃഗങ്ങളിലൊ, ദഹിപ്പിക്കുന്ന ഭോജനദ്രവ്യങ്ങളിലോ ദൈവം തൃപ്തനല്ല. എന്നാൽ ഇവയൊക്കെ പൊരുളായ ദൈവപുത്രനായ ക്രിസ്തു ലോകത്തിൽ വന്നു യാഗമായപ്പോൾ അർത്ഥമുള്ള നിഴലായിരുന്നു എന്നുമാത്രം.

അടുത്തതായി, ചെവികളെ തുളച്ചിരിക്കുന്നു എന്ന വാക്യം ശ്രദ്ധേയമാണ്. ന്യായപ്രമാണമനുസരിച്ചു, സ്വതന്ത്ര്യം അനുവദിച്ചാലും യജമാനനെ പിരിയാൻ മനസ്സില്ലാത്ത ദാസനെ കതകിന്റെയോ, കട്ടിളക്കാലിന്റെയോ അരികിൽ ചേർത്തു നിറുത്തി കാത് കുത്തിതുളക്കുമായിരുന്നു. ഇനി അവൻ എന്നേക്കും ദാസനായിരിക്കും എന്നതിന്റെ സൂചകമാണ് (പുറ 21:6). അതുപോലെ യേശുവും കാൽവരിയോളം യഹോവയുടെ പരിശുദ്ധ ദാസനായി തുടർന്നു (അ. പ്രവ 4:30).

യാഗങ്ങളെ ചോദിച്ചില്ല എന്നർത്ഥമാക്കുന്നത് : യാഗത്തേക്കാൾ അനുസരണമാണ് പ്രധാനം.ദൈവത്തിനു അതാകുന്നു പ്രസാദകരം. മൃഗങ്ങളോ, യാഗങ്ങളോ മനുഷ്യ പാപമോചനത്തിന് പര്യാപ്തമല്ല. ഇവിടെ പുത്രനായ ക്രിസ്തു സ്വയം യാഗമാകാൻ ഒരുക്കപ്പെടുകയാണ്. എന്നെക്കുറിച്ചു എഴുതിയിരിക്കുന്നപോലെ, “ഇതാ ഞാൻ വരുന്നു” എന്നത് ഞാൻ തയ്യാറാണ് എന്നതിന്റെ പ്രതിധ്വാനിയാണ്. നമുക്കുവേണ്ടി യാഗമാകുവാനുള്ള യേശുവിന്റെ സമർപ്പണവും സന്മനസ്സും തന്റെ വാക്കുകളിൽ വ്യക്തമാണ്. പിതാവിന്റെ തിരുഹിതം പൂർണ്ണമായും നിവർത്തിപ്പാൻ കഴിഞ്ഞത് യേശുവിനു മാത്രമാണ്. ഒന്നും നീക്കികളയുകയല്ലായിരുന്നു. എല്ലാ തിരുവെഴുത്തുകൾക്കും നിവർത്തിക്കുകയായിരുന്നു.

ദൈവമേ, നിന്റെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രീയപ്പെടുന്നു. എന്താണ് ആ ഇഷ്ടം? ആരും നശിച്ചുപോകരുത് എന്നതല്ലേ!അതെ. പുത്രൻ ഓരോ പാപിക്കും വേണ്ടി പിതാവിന്റെ ഹിതം നിറവേറ്റുന്നത് തന്റെ ആഹാരമായി കണ്ടു. (യോഹ 4:34).

പുത്രന്റെ പ്രഗത്ഭ്യത്തോടെയുള്ള സാക്ഷ്യം തന്റെ അനുയായികളായ നമുക്ക് ഏറെ അനുകരണീയവും, അനുഭവേദ്യവുമാണ്.
മഹാസഭയിൽ നീതിയെ പ്രസംഗിച്ച നിസ്തുല്യനായ ദൈവവും മനുഷ്യനുമായ പ്രസംഗകൻ. ഒന്നും മറച്ചു വെക്കാതെ വെറും പന്ത്രണ്ടു വയസ്സ് പ്രായത്തിലും ഭീരുത്വം ലവലേശം തീണ്ടാതെ വിശ്വാസത്താലുള്ള നീതികരണവും, കൃപയാലുള്ള രക്ഷയും വിശ്രമംകൂടാതെ പൊതുയോഗത്തിൽ മാത്രമല്ല എല്ലായിടത്തും എല്ലാവരോടും വിളിച്ചു പറഞ്ഞു.

❓നമുക്കുവേണ്ടി പ്രവർത്തിച്ചവനായ ദൈവത്തിനുവേണ്ടി നാം എന്തു പ്രവർത്തിച്ചു….

പ്രീയരെ, നാം ദൈവസാദർശ്യം ഉള്ളവരാണ്. സാരംശം കൊണ്ടും അവനോട് (യേശുവിനോട് ) സദർശ്യരാകണം. അത് പുത്രനെ അനുകരിച്ചും, ദൈവത്തെ അനുസരിച്ചും, ആത്മാവിനു വിധേയപ്പെട്ടും കരഗതമാക്കാം.

അപ്പോഴും പറയാം
അതെ, ” ദൈവമേ നിന്നോട് സദൃശൻ ആരുമില്ല ”

(തുടരും….)

Sharjah city AG

Comments are closed.