ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത് വ്യക്തിയുടെ മൗലിക അവകാശം: കർണാടക ഹൈക്കോടതി
ബെംഗളൂരു : പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അത് ആ വ്യക്തിയുടെ മൗലികാവകാശം ആണെന്നും കർണാടക ഹൈക്കോടതി.ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെയും, ജീവിക്കാനുള്ള അവകാശത്തിന്റെയും ഭാഗമാണെന്ന് കോടതി വ്യക്തമാക്കി. ദമ്പതികളെ മതത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രായപൂർത്തിയായ വ്യക്തികളെന്ന നിലയിലാണ് കാണുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ലവ് ജിഹാദ് നേരിടാനെന്ന മട്ടിൽ ഉത്തർപ്രദേശ് സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുമ്പോഴാണ് നിർണായക ഉത്തരവെന്നത് ശ്രദ്ധേയമാണ്.
ഒരു വ്യക്തി തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ മറ്റൊരാൾക്കും ഇടപെടാനാകില്ലെന്ന് കഴിഞ്ഞദിവസം അലഹബാദ് ഹൈക്കോടതിയും അഭിപ്രായപ്പെട്ടിരുന്നു. ബെംഗളൂരു നിവാസിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ വാജിദ് ഖാൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് പെറ്റീഷൻ പരിഗണിക്കവേയാണ് ജസ്റ്റിസ് എസ് സുജാതയും ജസ്റ്റിസ് സച്ചിൻ ശങ്കർ മാഗഡും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
