പൗരാണിക ക്രൈസ്തവ ദൈവാലയങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ പദ്ധതിയുമായി ഫ്രഞ്ച് പ്രസിഡന്റ്
ആരാധനയ്ക്കായി നിയോഗിച്ചിട്ടുള്ള 50,000ൽപ്പരം ദൈവാലയങ്ങൾ ഉണ്ടെങ്കിലും ചരിത്രസ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 10,500 എണ്ണം മാത്രമാണ്. 10,000ൽ താഴെ നിവാസികളുള്ള മുനിസിപ്പാലിറ്റികളിലെ പുരാതന കെട്ടിടങ്ങളാണ് രജിസ്റ്റർ ചെയ്യാത്തവ
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിൽ സുപ്രധാനമായ പൗരാണിക ക്രൈസ്തവ ദൈവാലയങ്ങൾ സംരക്ഷിക്കാൻ പദ്ധതിയുമായി പ്രസിഡന്റ് ഇമ്മാനുവൻ മാക്രോൺ. രാജ്യ ചരിത്രത്തിൽ പ്രതീകാത്മകമായ പ്രധ്യാനം ഈ പൗരാണിക ദൈവാലയങ്ങൾക്കുണ്ടെന്ന് അസന്നിഗദ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രസിദ്ധമായ മൗണ്ട് സെന്റ് മൈക്കൽ ആശ്രമത്തിന്റെ ശിലാസ്ഥാപന സഹസ്രാബ്ദി വർഷം ആചരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ആരാധനയ്ക്കായി നിയോഗിച്ചിട്ടുള്ള 50,000ൽപ്പരം ദൈവാലയങ്ങൾ ഉണ്ടെങ്കിലും ചരിത്രസ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 10,500 എണ്ണം മാത്രമാണ്. 10,000ൽ താഴെ നിവാസികളുള്ള മുനിസിപ്പാലിറ്റികളിലെ പുരാതന കെട്ടിടങ്ങളാണ് രജിസ്റ്റർ ചെയ്യാത്തവ. ഇത്തരത്തിൽ ഗ്രാമങ്ങളിലുള്ള കെട്ടിടങ്ങളുടെ സംരക്ഷണമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ദൈവാലയങ്ങളെ മാപ്പ് ചെയ്യുക എന്നതാണ് ആദ്യപടി.
‘കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഫ്രഞ്ച് ജനത തങ്ങളെത്തന്നെ കൂടുതൽ മുന്നോട്ട് കൊണ്ടുവരണം. ഈ സംഭവവികാസങ്ങൾ രാജ്യത്തെ പുരാതന കെട്ടിടങ്ങളെയും ബാധിക്കും. നശീകരണവും അവഗണനയുംമൂലം കേടുപാടുകൾ സംഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കെട്ടിടങ്ങൾ സംരക്ഷിക്കാൻ ഒരു പദ്ധതി അനിവാര്യമാണ്,’ മാക്രോൺ ചൂണ്ടിക്കാട്ടി. 2017 മുതൽ സാംസ്‌കാരിക നയത്തിൽ പൈതൃകത്തിന് മുൻഗണന നൽകുന്ന പദ്ധതികൾ കൊണ്ടുവരാൻ മാക്രോൺ ശ്രമിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
പഴക്കംമൂലം ഗ്രാമീണ ദൈവാലയങ്ങൾ തകരുന്നതിന് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങൾ മാക്രോണിന് കത്ത് എഴുതിയിരുന്നു. ഓരോ തവണയും ദൈവാലയങ്ങൾ അപ്രത്യക്ഷമാകുമ്പോൾ, ഫ്രാൻസിന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ഇല്ലാതാകുന്നതെന്നും ഇനിയും നടപടികൾ സ്വീകരിച്ചില്ലെങ്കിൽ 2030നുള്ളിൽ ആയിരക്കണക്കിന് ദൈവാലയങ്ങൾ അപ്രത്യക്ഷമാകുമെന്ന ഗവേഷണ ഫലങ്ങളും അവർ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, വലിയ തരത്തിലുള്ള പണസമാഹരണം ഇതിന് ആവശ്യമായി വരും. നികുതി ആനുകൂല്യങ്ങൾക്കു പകരം, സംഭാവന ചെയ്യാൻ ജനങ്ങൾക്ക് അവസരമൊരുക്കുന്ന ‘നാഷണൽ സബ്‌സ്‌ക്രിപ്ഷൻസ്’ എന്ന പദ്ധതി നടപ്പാക്കാനാണ് മാക്രോൺ തീരുമാനിച്ചിരിക്കുന്നത്. പാരീസിൽ തീപിടിത്തത്തിൽ സാരമായ കേടുപാടുകൾ പറ്റിയ നോട്രഡാം കത്തീഡ്രലിന് ധനസഹായം സമാഹരിക്കാനും ഇതേമാർഗമാണ് നടപ്പാക്കിയത്.
