വത്തിക്കാന്‍ സിറ്റി: വിശുദ്ധ മദർ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ഡോക്യുമെന്ററി ചിത്രം ജൂലൈ 14ാം തീയതി, അമേരിക്കയിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. സ്പെയിനിലും, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും പ്രദർശനം നടത്തി വിജയം കണ്ടെത്തിയ ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ: ഡോൺ ഇൻ കൽക്കട്ട’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോസ് മരിയ സവാളയാണ്. വിശുദ്ധ പാദ്രെ പിയോ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ എന്നീ വിശുദ്ധരുടെ ജീവിതങ്ങളെ ആസ്പദമാക്കിയെടുത്ത ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ജോസ് മരിയ സവാള.
മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയായ മദർ തെരേസയെ സംബന്ധിച്ചും, മദർ തെരേസ ദരിദ്രരുടെ ഇടയിൽ നടത്തിയ പ്രവർത്തനങ്ങളെ പറ്റിയും നേരിട്ട് അറിയാവുന്ന ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്.
ആളുകളുടെ ജീവിതങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കാനും, മാനസാന്തരങ്ങൾ സാധ്യമാക്കാനും മദർ തെരേസക്ക് കൽക്കത്തയിൽ ഉണ്ടായിരുന്ന സ്വാധീനവും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തെയും, മദർ തെരേസയെയും പോലെ വലിയ കാര്യങ്ങൾ ചെയ്യാൻ ദൈവത്തിന്റെ കൈകളിൽ നാം നമ്മളെ തന്നെ സമർപ്പിക്കുമ്പോൾ എങ്ങനെ സാധ്യമാകുമെന്നുള്ള സന്ദേശം ചിത്രം നൽകുന്നുണ്ടെന്ന് അണിയറ പ്രവർത്തകൻ ഗാബി ജാക്കോബ പറഞ്ഞു പറഞ്ഞു
