ബാഴ്സലോണ : ബാഴ്സലോണയുടെ അടയാളമായ സഗ്രഡ ഫാമിലിയ ബസിലിക്കയുടെ നിർമ്മാണ ചരിത്രത്തിൽ സുവർണ്ണ അധ്യായം. നൂറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗമായ യേശുക്രിസ്തുവിന്റെ ഗോപുരത്തിന് മുകളിൽ കൂറ്റൻ കുരിശ് സ്ഥാപിച്ചു. ഫെബ്രുവരി 20-ന് നടന്ന ഈ നിർണ്ണായക പ്രക്രിയയോടെ ബസിലിക്കയുടെ ആറ് മധ്യ ഗോപുരങ്ങളുടെയും ബാഹ്യ നിർമ്മാണം ഔദ്യോഗികമായി പൂർത്തിയായിരിക്കുകയാണ്. 172.5 മീറ്റർ ഉയരമുള്ള ഈ ഗോപുരം പൂർത്തിയായതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദേവാലയമെന്ന ബഹുമതിയും സഗ്രഡ ഫാമിലിയയ്ക്ക് സ്വന്തമാകും.
ജർമ്മനിയിൽ അത്യാധുനിക സാങ്കേതികവിദ്യയോടെ നിർമ്മിച്ച പ്രത്യേക കുരിശാണ് ഗോപുരത്തിന് മുകളിൽ സ്ഥാപിച്ചത്. വെളുത്ത സെറാമിക് ഗ്ലാസും സ്റ്റെയിൻഡ് ഗ്ലാസും ഉപയോഗിച്ച് നിർമ്മിച്ച ഇതിന്റെ വിവിധ ഭാഗങ്ങൾ ബാഴ്സലോണയിൽ എത്തിച്ച ശേഷം 54 മീറ്റർ ഉയരത്തിലുള്ള പ്ലാറ്റ്ഫോമിൽ വെച്ചാണ് കൂട്ടിയോജിപ്പിച്ചത്. പകൽ വെളിച്ചത്തിൽ തിളങ്ങുന്ന ഈ കുരിശ് രാത്രിയിൽ ഉള്ളിൽ നിന്നുള്ള പ്രകാശത്താൽ നഗരത്തിന് കാവലായി നിൽക്കും. ബാഹ്യ ജോലികൾ പൂർത്തിയായെങ്കിലും ദേവാലയത്തിന്റെ ഉൾവശത്തെ മിനുക്കുപണികൾ ഇനിയും തുടരും.
പ്രശസ്ത ആർക്കിടെക്റ്റ് അന്റോണിയോ ഗൗഡി 1882-ൽ ആരംഭിച്ച ഈ സ്വപ്ന പദ്ധതി ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. 1926-ൽ അദ്ദേഹം അന്തരിക്കുമ്പോൾ നിർമ്മാണം അപൂർണ്ണമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ രൂപരേഖകളെ പിന്തുടർന്നാണ് ഇന്നും നിർമ്മാണം നടക്കുന്നത്. 2005-ൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടംപിടിച്ച ഈ ബസിലിക്ക പ്രതിവർഷം 45 ലക്ഷത്തോളം വിനോദസഞ്ചാരികളെയാണ് ആകർഷിക്കുന്നത്.

Comments are closed.