ബ്രസീൽ : ബ്രസീലിലെ പരാന സംസ്ഥാനത്തുള്ള ഐവായി നഗരത്തിൽ 82 വയസ്സുള്ള സന്യാസിനിയെ മയക്കുമരുന്നിന് അടിമയായ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ സിസ്റ്റേഴ്സ് സെർവന്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സമൂഹാംഗമായ സിസ്റ്റർ നാദിയ ഗാവൻസ്‌കിയാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 21-ന് സിസ്റ്റർ കോൺവെന്റ് വളപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മതിൽ ചാടിക്കടന്നെത്തിയ അക്രമി അവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കോൺവെന്റിൽ ഫോട്ടോയെടുക്കാൻ എത്തിയ ഒരു ഫോട്ടോഗ്രാഫർ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി ദൃശ്യങ്ങൾ പകർത്തിയതാണ് കേസിൽ നിർണ്ണായകമായത്.
പ്രതിയെ ഉടൻ തന്നെ പിടികൂടിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. താൻ കടുത്ത കൊക്കെയ്ൻ ലഹരിയിലായിരുന്നുവെന്നും ആ അവസ്ഥയിൽ ചെയ്ത കൊലപാതകമാണെന്നും പ്രതി സമ്മതിച്ചു. മോഷണമോ മറ്റ് ക്രിമിനൽ ലക്ഷ്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും ലഹരിയുടെ സ്വാധീനത്തിലാണ് സിസ്റ്ററെ വധിച്ചതെന്നും ഇയാൾ മൊഴി നൽകി. സിസ്റ്റർ നാദിയയുടെ വിയോഗം പ്രദേശത്തെ വിശ്വാസികൾക്കിടയിൽ വലിയ ദുഃഖമുണ്ടാക്കിയിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗം രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ പോലും സുരക്ഷാ ഭീഷണിയായി മാറുന്നതിന്റെ തെളിവായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ ദാരുണ സംഭവത്തെ കാണുന്നത്.

Comments are closed.