Ultimate magazine theme for WordPress.

സുവിശേഷീകരണത്തിലേക്ക് സഭ മടങ്ങി വരണം: പാസ്റ്റർ ജോർജ് പി. ചാക്കോ

പറന്തൽ: സഭ ക്രിസ്തുവിൻ്റെ സ്നേഹം സമൂഹമായി പങ്കിടുന്നതിൽ മുന്നേറണമെന്നും സാമൂഹ്യ ജീവികളെന്ന നിലയിൽ ഓരോ വ്യക്തിയും ക്രിസ്തുവിനെപ്പോലെ ചുറ്റുമുള്ളവരെ ചേർത്തു പിടിക്കണമെന്നും ക്രൈസ്റ്റ് എ ജി സീനിയർ ശുശ്രൂഷകനായ പാസ്റ്റർ ജോർജ് പി. ചാക്കോ. അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ജനറൽ കൺവൻഷനിൽ രണ്ടാം ദിനം പൊതുസമ്മേളനത്തിൽ മുഖ്യ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ക്രിസ്തുവിൻ്റെ സ്നേഹമറിയുമ്പോൾ ജീവിതത്തിൽ അനുഭവിക്കുന്ന സ്വസ്ഥതയും സമാധാനവും പകരപ്പെടുന്നതിനൊപ്പം സഭയും ജനവും നവീകരിക്കപ്പെടേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യകാല പെന്തെക്കോസ്തനുഭവത്തിലേക്ക് മടങ്ങുകയും സമൂഹത്തിൽ ഇഴുകിച്ചേരുകയും വിശുദ്ധിയുടേയും ആത്മീക വർദ്ധനവിൻ്റെയും പ്രവാചകരായി മാറണമെന്നും പാസ്റ്റർ ജോർജ് പി ചാക്കോ പറഞ്ഞു.പരിശുദ്ധാത്മാവിനെ അധികമായി സ്വീകരിച്ച് മികവാർന്ന ജീവിതം നയിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ഡോ.എ.കെ.ജോർജ് മിസൗറിയും സന്ദേശം നല്കി.ദക്ഷിണ മേഖലാ ഡയറക്ടർ പാസ്റ്റർ ആർ.സനൽകുമാർ അദ്ധ്യക്ഷനായിരുന്നു. സിസ്റ്റർ ഷോബ എബ്രഹാം, ബ്രദർ എ.സി.അലക്സ് കുട്ടി, പാസ്റ്റർ എൻ. ക്രിസ്തുദാസ് എന്നിവർ മദ്ധ്യസ്ഥ പ്രാർത്ഥന നയിച്ചു. ബ്രദർ ജോൺസൻ ജോർജ് ദുബായ് ആശംസ സന്ദേശം നല്കി. പാസ്റ്റർ സാബു കുമാർ പ്രാരംഭ പ്രാർത്ഥനയും പാസ്റ്റർ വി.ജെ.എബ്രഹാം സമർപ്പണ പ്രാർത്ഥനയും നടത്തി.പാസ്റ്റർ ഇമ്മാനുവേൽ കെ.ബി യുടെ നേതൃത്വത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് കൺവെൻഷൻ ക്വയർ സംഗീതാരാധനയ്ക്ക് നേതൃത്വം നല്കി.

രാവിലെ ഒമ്പതിന് നടന്ന പാസ്റ്റേഴ്സ് സെമിനാറിൽ പാസ്റ്റർ ടി.എ.വർഗീസ്, ഡോ. ജോസഫ് ഡാനിയേൽ എന്നിവർ ക്ലാസുകൾ നയിച്ചു. പന്തളം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ടി.വി.തങ്കച്ചൻ അദ്ധ്യക്ഷനായിരുന്നു.11 ന് നടന്ന നേതൃത്വ സെമിനാറിൽ സഭാ ട്രഷറാർ പാസ്റ്റർ പി.കെ.ജോസ്, ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് എന്നിവർ ക്ലാസുകൾ നയിച്ചു. റാന്നി വെസ്റ്റ് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സി.വി.എബ്രഹാം അദ്ധ്യക്ഷനായിരുന്നു.
ഉച്ചയ്ക്ക് 2 ന് ശുശ്രുഷക സമ്മേളനത്തിൽ സഭാ അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു, പാസ്റ്റർ പി.സി.ജോൺ എന്നിവർ ക്ലാസുകൾ നയിച്ചു. നെയ്യാറ്റിൻകര സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സുനിൽദാസ് അദ്ധ്യക്ഷനായിരുന്നു.

Sharjah city AG