Ultimate magazine theme for WordPress.

131-മത് മാരാമൺ കൺവെൻഷന് തുടക്കമായി

മാരാമൺ : 131-ാമത് മാരാമൺ കൺവെൻഷന് തുടക്കമായി ,ഉദ്ഘാടന പ്രസംഗത്തിൽ, സമകാലിക ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങളുടെ തകർച്ചയെക്കുറിച്ച് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. ബഹുസ്വരതയുടെ നിഷേധവും പൗരത്വം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യവും രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യസ്‌നേഹത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രവണതകൾ അവസാനിപ്പിക്കണമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന മാനവികതയാണ് ക്രിസ്തീയ ദർശനമെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്ക് നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളെയും അദ്ദേഹം അപലപിച്ചു. മണിപ്പൂർ ഉൾപ്പെടെയുള്ള മേഖലകളിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ വരുന്ന കാലതാമസം വലിയ വേവലാതിയാണ് സൃഷ്ടിക്കുന്നത്. കോർപ്പറേറ്റുകൾ രാഷ്ട്രീയത്തെയും തിരഞ്ഞെടുപ്പുകളെയും നിയന്ത്രിക്കുന്ന രീതി ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും, വിമർശനങ്ങൾ കേൾക്കാൻ തയ്യാറുള്ള ഭരണാധികാരികളെയാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

പുതിയ തലമുറയുടെ ആത്മീയവും സാമൂഹികവുമായ അവസ്ഥയെക്കുറിച്ചും മെത്രാപ്പോലീത്ത പരാമർശിച്ചു. സോഷ്യൽ മീഡിയയിലെ ‘ലൈക്കുകൾക്കും’ താൽക്കാലിക അംഗീകാരങ്ങൾക്കുമായി യുവജനത അമിതമായി ദാഹിക്കുന്നത് അപകടകരമാണെന്നും, ജീവിതത്തിന്റെ യഥാർത്ഥ മൂല്യം അത്തരം പ്രകടനങ്ങൾക്കപ്പുറമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അധ്യാപകർക്ക് നേരെപ്പോലും വിദ്യാർത്ഥികൾ അക്രമം കാട്ടുന്ന ഇന്നത്തെ സാമൂഹിക അന്തരീക്ഷം ഗൗരവമായി കാണണമെന്നും സൺഡേ സ്കൂളുകൾ വഴിയുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Sharjah city AG

Comments are closed.