കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു, പരക്കെ സമൂഹ വ്യാപന ഭീഷണി:
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന സമൂഹവ്യാപനം സംസ്ഥാനത്ത് ഒന്നാകെ വ്യാപിക്കുകയാണോ എന്ന ആശംങ്ക പങ്കുവെച്ച് ആരോഗ്യ വിദഗ്ദ്ധര്‍. സംസ്ഥാത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാള്‍ വര്‍ദ്ധിക്കുകയാണ്.
100 ആളുകളെ പരിശോധിക്കുമ്പോള്‍ എത്ര പേര്‍ക്കാണ് പോസിറ്റീവ് ആകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കുന്നത്. ഇത് ഇപ്പോള്‍ ദേശീയ ശരാശരിയെക്കാള്‍ സംസ്ഥാനത്ത് കൂടുതലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുമൂലമാണ് സംസ്ഥാനമൊന്നാകെ സമൂഹവ്യാപനത്തിലേക്ക് പോകുമോയെന്ന ആശങ്ക ആരോഗ്യവിദഗ്ദ്ധര്‍ പങ്കുവയ്ക്കാന്‍ കാരണം.
ഈ മാസം ഇന്നലെ വരെ 22 ദിവസത്തിനിടെ 6055 പേര്‍ക്കാണ് ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ഇക്കാലയളവില്‍ ഇത് 1893 ആയിരുന്നു. ഒരു മാസത്തിനിടെ ഉറവിടം അറിയാത്ത കേസുകളില്‍ 4162 എണ്ണത്തിന്റെ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 2893 ഉറവിടം അറിയാത്ത കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതിന്റെ അര്‍ത്ഥം സമൂഹവ്യാപനം കേരളത്തില്‍ പലയിടത്തും നടക്കുന്നു എന്ന് തന്നെയാണെന്നും തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും രൂക്ഷമായി രോഗവ്യാപനം നടക്കുന്നതെന്നും ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യ ശരാശരിയും കടന്ന് വര്‍ദ്ധിക്കുന്ന കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും അപായ സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ ആഴ്ച രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.7 ശതമാനം ആയിരുന്നു. കേരളത്തില്‍ ഇത് 9.1 ആയിരുന്നു. ജൂണ്‍ ആദ്യവാരത്തിലെ 1.6 ശതമാനത്തില്‍ നിന്നാണ് പ്രതിദിന നിരക്ക് വര്‍ദ്ധിച്ച് 12 ശതമാനം വരെ എത്തിയത്. ആനുപാതികമായി ഉറവിടം അറിയാത്ത രോഗികളും കൂടുന്നു. ഈ സാഹചര്യത്തില്‍ ഇനി കണ്ടെയ്‌മെന്റ് സോണുകള്‍ നിശ്ചയിച്ചുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമായേക്കില്ലെന്ന് കോവിഡ് വിദഗ്ദ്ധ സമിതിയില്‍ അഭിപ്രായമുണ്ട്. സമിതി ഇത് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.
