യുഎസ് : ലൂസിയാനയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ക്ലാസ് മുറികളിൽ പത്ത് കൽപ്പനകൾ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന സംസ്ഥാന നിയമം നടപ്പിലാക്കാൻ ഫെഡറൽ അപ്പീൽ കോടതി അനുമതി നൽകി. ന്യൂ ഓർലിയൻസിലെ 5-ാം യുഎസ് സർക്യൂട്ട് കോടതിയാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് കീഴ്ക്കോടതി ഏർപ്പെടുത്തിയ സ്റ്റേ അപ്പീൽ കോടതി നീക്കം ചെയ്തു.
പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഒന്നാം ഭേദഗതിയുടെ ലംഘനമാണെന്ന് വാദിച്ചുകൊണ്ട് ഒരുകൂട്ടം രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ, ഓരോ സ്കൂൾ ബോർഡുകളും ഈ നിയമം എങ്ങനെയാണ് പ്രായോഗികമായി നടപ്പിലാക്കുന്നത് എന്ന് നോക്കാതെ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് മുൻകൂട്ടി പ്രഖ്യാപിക്കാനാവില്ലെന്ന് അപ്പീൽ കോടതി വിലയിരുത്തി. 11-നെതിരെ 7 വോട്ടുകൾക്കാണ് അപ്പീൽ കോടതിയുടെ വിധി.
റിപ്പബ്ലിക്കൻ ഗവർണർ ജെഫ് ലാൻഡ്രി 2024-ൽ ഒപ്പുവെച്ച ഈ നിയമം അനുസരിച്ച്, സ്കൂളുകളിലും സർവ്വകലാശാലകളിലും 11×14 ഇഞ്ച് വലിപ്പമുള്ള പോസ്റ്ററുകളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണം. ഇതിനോടൊപ്പം കൽപ്പനകൾക്ക് അമേരിക്കൻ ചരിത്രത്തിലുള്ള പ്രാധാന്യം വ്യക്തമാക്കുന്ന കുറിപ്പും ഉണ്ടായിരിക്കണം. വിധിയെ സ്വാഗതം ചെയ്ത ഗവർണർ, “സാമാന്യബുദ്ധി തിരിച്ചുവരുന്നു” എന്ന് പ്രതികരിച്ചു. അതേസമയം, വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മനുഷ്യാവകാശ സംഘടനയായ എ.സി.എൽ.യു അറിയിച്ചു.

Comments are closed.