ബൈബിളും തോറയും കത്തിക്കാൻ സ്വീഡന്റെ അനുമതി: പ്രതിഷേധത്തിൽ നിന്നു പിന്മാറി സിറിയൻ വംശജൻ

സ്റ്റോക്ക്‌ഹോം: സ്വീഡിഷ് പൊലീസിന്റെ അനുമതി ലഭിച്ചിട്ടും ബൈബിളും തോറയും കത്തിച്ചുള്ള പ്രതിഷേധത്തിൽനിന്നു പിന്മാറി യുവാവ്. ഖുർആൻ കത്തിച്ച സംഭവത്തിനെതിരെ സ്റ്റോക്ക്‌ഹോമിലെ ഇസ്രായേൽ എംബസിക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, വിവിധ മതക്കാരുടെ വിശുദ്ധ ഗ്രന്ഥങ്ങൾ ആദരിക്കണമെന്ന അവബോധം സൃഷ്ടിക്കുകയായിരുന്നു താൻ ലക്ഷ്യമിട്ടതെന്ന് സിറിയൻ വംശജനായ അഹ്മദ് എ പറഞ്ഞു.
എംബസിക്കു മുന്നിൽ തോറയും ബൈബിളും കത്തിച്ചു പ്രതിഷേധിക്കുമെന്ന് നേരത്തെ യൂവാവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് സ്റ്റോക്ക്‌ഹോം പൊലീസിന്റെ അനുമതിയിലും ലഭിച്ചു. ഇതോടെ, ഇസ്രായേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ്, വിവിധ ജൂതസംഘടനകൾ ഉൾപ്പെടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ, അനുമതി ലഭിച്ച ദിവസം ഖുർആനുമായി സ്ഥലത്തെത്തിയ യുവാവ് ആരുടെയും വിശുദ്ധ ഗ്രന്ഥങ്ങൾ കത്തിക്കുന്നില്ലെന്നും അത്തരമൊരു ആലോചനയുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി. ഖുർആൻ കത്തിച്ചവരോടുള്ള പ്രതികരണമാണിത്. അവരുടെ നടപടിയെ പരസ്യമായി തള്ളിപ്പറയുകയായിരുന്നു ലക്ഷ്യം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും ചില പരിധികളുണ്ടെന്ന് കാണിക്കുകയായിരുന്നു ഇതിലൂടെ . നമ്മൾ പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് ജനങ്ങളെ കാണിക്കുകയായിരുന്നു ലക്ഷ്യം. ഒരേ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഒരാൾ തോറയും മറ്റൊരാൾ ബൈബിളും വേറെയൊരാൾ ഖുർആനുമെല്ലാം കത്തിക്കാൻ നിന്നാൽ, ഇവിടെ യുദ്ധമായിരിക്കും നടക്കാൻ പോകുന്നത്. ഈ ചെയ്യുന്നത് ശരിയല്ലെന്ന് തെളിയിക്കുകയായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും യൂവാവ് വ്യക്തമാക്കി
