ബിബിസി ചാനൽ നിരോധിക്കണമെന്ന ഹിന്ദു സേനയുടെ ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി : ഇന്ത്യയിൽ ബിബിസി ചാനൽ നിരോധിക്കണമെന്ന ഹിന്ദു സേനയുടെ ഹർജി സുപ്രീം കോടതി തള്ളി. ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്ത സമർപ്പിച്ച ഹർജിയാണ് തള്ളിയത്. വിഷ്ണു ഗുപ്തക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ഹർജി കോടതി തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും 2002ലെ ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരുന്നത് . ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്ന \’ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ\’ ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് പുറത്തുവന്നത്. ആദ്യഭാഗം ഗുജറാത്ത് വംശഹത്യയെക്കുറിച്ചും രണ്ടാം ഭാഗം മോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളുമാണ് വിശദീകരിച്ചത്. ഈ രണ്ട് ഡോക്യുമെന്ററികളും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.
കോടതിയുടെ സമയം പാഴാക്കാനാണോ ഇത്തരത്തിലുള്ള ഹർജികളുമായി എത്തുന്നതെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് ഹിന്ദു സേന ചാനൽ നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ പോയത്.
