Ultimate magazine theme for WordPress.

യുജിസി പരിഷ്‌കാരം സുപ്രീം കോടതി മരവിപ്പിച്ചു

ന്യൂ ഡൽഹി : 2026-ലെ യുജിസി ഇക്വിറ്റി റെഗുലേഷൻസ് നടപ്പിലാക്കുന്നത് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് താൽക്കാലികമായി തടഞ്ഞു. ജാതിവിവേചനത്തെ കേവലം എസ്‌.സി, എസ്‌.ടി, ഒ.ബി.സി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം എന്ന് മാത്രം നിർവചിച്ച 3(c) വകുപ്പാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെട്ടത്. പുതിയ നിയമങ്ങൾ അമിതമായി വിപുലമാണെന്നും കൂടുതൽ ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്നും നിരീക്ഷിച്ച കോടതി, അതുവരെ 2012-ലെ പഴയ നിയമങ്ങൾ ക്യാമ്പസുകളിൽ തുടരുമെന്ന് വ്യക്തമാക്കി.

പൊതുവിഭാഗത്തിൽപ്പെട്ട (ജനറൽ /അപ്പർ കാസ്റ്റസ് ) വിദ്യാർത്ഥികളെ വിവേചന വിരുദ്ധ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു. ഏതൊരു ജാതിയിൽപ്പെട്ടവർക്കും വിവേചനം നേരിടേണ്ടി വരാമെന്നും, നിയമം ഒരു വിഭാഗത്തിന് മാത്രം സംരക്ഷണം നൽകുന്നത് തുല്യനീതിയുടെ ലംഘനമാണെന്നും രാഹുൽ ദിവാൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. ഈ വിവേചനം ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശത്തിന് വിരുദ്ധമാണെന്നാണ് ഇവരുടെ പക്ഷം.

അതേസമയം, ചരിത്രപരമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ നേരിടുന്ന പ്രത്യേക പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഈ നിയമം കൊണ്ടുവന്നതെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് വാദിച്ചു. നിയമം മരവിപ്പിക്കുന്നത് അർഹരായവർക്കുള്ള സംരക്ഷണം ഇല്ലാതാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. എന്നാൽ, കേന്ദ്ര സർക്കാരിനും യുജിസിക്കും നോട്ടീസ് അയച്ച കോടതി, വിഷയത്തിൽ വിശദമായ വാദം കേൾക്കുന്നതിനായി മാറ്റിവെച്ചു

Sharjah city AG

Comments are closed.