Ultimate magazine theme for WordPress.

നിന്റെ കണ്ണുകൾ തുറക്കപ്പെടട്ടെ; ദൈവം നിന്നെ വചനത്തിലൂടെ വിസ്മയകരമായ അത്ഭുതങ്ങളെ കാണിക്കും

പഠനം: സങ്കീർത്തനം 119

വായിക്കുവാനും ധ്യാനിക്കുവാനും മന: പാഠമാക്കുവാനും 176 കാരണങ്ങൾ

കാരണം # 18

പാസ്റ്റർ റോയി ഇ ജോയി

“നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന് എന്റെ കണ്ണുകളെ തുറക്കേണമേ” (സങ്കീർത്തനം 119.18).

കണ്ണു തുറന്നു കാണുവാനുള്ള സങ്കീർത്തനക്കാരൻ്റെ ആഗ്രഹം നോക്കൂ. സ്വാഭാവികമായി നമ്മുടെ ആത്മീയ ഇന്ദ്രിയങ്ങൾ അടഞ്ഞതാണ്. അത് തുറക്കുവാൻ നമുക്ക് ദൈവ സഹായം അത്യാവശ്യമാണ്. നമ്മുടെ കണ്ണുകളെ തുറക്കുക എന്നതാണ് കർത്താവ് നമുക്കായി ചെയ്യുന്ന വലിയ കാര്യങ്ങളിൽ ഒന്ന്.

കർത്താവിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെയും അതിനുള്ളിലെ അത്ഭുതസത്യവചനങ്ങളെയും അവനു മാത്രമേ നമ്മെ തുറന്നു കാണിക്കുവാനാകൂ. അവൻ നമ്മുടെ ആത്മീയ കണ്ണുകളെ തുറക്കുവാൻ പ്രാർഥിക്കാം, എന്നാൽ മാത്രമേ ന്യായപ്രമാണത്തിലെ അതിവിസ്മയകാര്യങ്ങളെയും അത്ഭുതസത്യങ്ങളെയും നമുക്ക് കാണുവാനാകൂ.

പുരാതന ലോകത്ത് ഏഴ് അത്ഭുതങ്ങളും ആധുനിക ലോകത്ത് ഏഴ് അത്ഭുതങ്ങളും ഉണ്ട് എന്ന് ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ ബൈബിളിൽ ലോകത്തിൽ ഉള്ളതിനേക്കാൾ എത്രയോ വിസ്മയകരമായ അത്ഭുതസത്യങ്ങൾ ഉണ്ട്. “ഒരു ചുവന്ന ചരട് മുഴു ബൈബിളിലുംകൂടെ കടന്നുപോകുന്നുണ്ട്. ഉല്പത്തി മുതൽ വെളിപ്പാടുവരെ അതിമനോഹരമായ ഒരു വസ്ത്രം നെയ്തെടുത്തുകൊണ്ട് അത് നീങ്ങുകയാണ്. ഈ ചരട് അല്ലെങ്കിൽ നൂൽ പഴയനിയമവും പുതിയനിയമവും എപ്രകാരം ഒരുമിച്ചുചേർന്ന് ആദ്യന്തം ഒരു സമ്പൂർണകഥ പറയുന്നു എന്ന് വ്യക്തമാക്കുന്നു. ഈ വിശുദ്ധചരട് യേശുക്രിസ്തു എനിക്കും നിനക്കുംവേണ്ടി ദൈവത്തോടുചെയ്ത രക്തത്തിലൂടെയുള്ള ഉഭയസമ്മതത്തിൻ്റെ കഥയാണ്.”

നമ്മൾ തിരുവചനം വായിക്കുകയും ധ്യാനിക്കുകയും മനഃപാഠമാക്കുകയും ചെയ്യുമ്പോൾ ദൈവം നമ്മുടെ കണ്ണുകളെ കൂടുതൽ അത്ഭുതങ്ങൾ കാണുവാനായി വീണ്ടും വീണ്ടും തുറക്കും. അപ്പൊസ്തലനായ പൗലൊസിൻ്റെ സുന്ദരമായ ഈ പ്രാർത്ഥന കാണുക, “നിങ്ങളുടെ ‘ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്’ അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും…” (എഫെ. 1.17). അങ്ങനെ നമ്മൾ യേശുക്രിസ്തുവിലൂടെയുള്ള അത്ഭുതങ്ങളെ കണ്ടിട്ട് അതിൽ വിസ്മയിച്ചു നിൽക്കാതെ അവനിൽ വിശ്വസിക്കുവാൻ ഇടയാകട്ടെ. എന്നിട്ട് 136-ാം സങ്കീർത്തനം വായിച്ച് അതിൽ ദൈവം ചെയ്ത മഹത്തായ അത്ഭുതങ്ങളുടെ ഒരു നീണ്ടലിസ്റ്റ് കാണുക.

നിങ്ങൾക്കു കൃപയാൽ ലഭിച്ച രക്ഷ ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തിയല്ലേ? ഒരു വർഷം നീണ്ടുനില്ക്കുന്ന ഒരു ബൈബിൾ വായനാ പരിപാടി ക്രമീകരിക്കുക, അങ്ങനെയെങ്കിൽ ദൈവാത്ഭുതങ്ങളുടെ ഒരു വലിയ കലവറ തന്നെ നിന്റെ മുമ്പിൽ തുറന്നുവരും. താങ്കളുടെ ക്രിസ്തീയ ജീവിതത്തിന്റെ നിലവാരം ബൈബിൾ വായനയിലൂടെ, പഠനത്തിലൂടെ എത്രയും വർധിച്ചുവരും എന്ന കാര്യം മറക്കരുതേ.

ഇരുട്ടത്ത് ബൈബിൾ പിടിച്ചിരിക്കുന്ന ഒരുവൻ. അവിടേക്ക് പ്രകാശരശ്മികൾ പ്രവേശിക്കുമ്പോൾ അവനതു വായിക്കുവാനാകുന്നു. ആത്മീയ വെളിച്ചം ഇല്ലാതെ ബൈബിളിലെ അത്ഭുതങ്ങൾ കാണാൻ ആർക്കുമാകില്ല. അതുപോലെ തന്നെ, ദൈവം നമ്മുടെ ആത്മീയ കണ്ണുകളെ തുറക്കുമ്പോഴാണ് തിരുവചനത്തിലെ അത്ഭുതങ്ങളും സത്യങ്ങളും നമുക്ക് തെളിഞ്ഞുകാണാൻ കഴിയുന്നത്.

Sharjah city AG

Comments are closed.