വാക്സീന്‍ എടുത്ത ശേഷം വരുന്ന കോവിഡ് ബാധ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് പഠനം
വാക്സീന്‍ രണ്ട് ഡോസ് എടുത്തിട്ടും കോവിഡ് ബാധിതരായി എന്ന് പരാതിപ്പെടുന്ന നിരവധി പേരുണ്ട്. എന്നാല്‍ വാക്സീന്‍ എടുത്ത ശേഷം വരുന്ന കോവിഡ് ബാധയ്ക്ക് രോഗസങ്കീര്‍ണത കുറവാകുമെന്ന് മാത്രമല്ല ഇത് പ്രതിരോധ ശേഷിയെയും പല മടങ്ങ് വര്‍ധിപ്പിക്കുമെന്ന് വാഷിങ്ടണ്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി.
മൂന്ന് ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും, കോവിഡ് രോഗമുക്തിക്ക് ശേഷം വാക്സീന്‍ എടുത്തവര്‍ക്കും, വാക്സീന്‍ എടുത്ത ശേഷം ബ്രേക് ത്രൂ അണുബാധ ഉണ്ടായവര്‍ക്കും ഏതാണ്ട് സമാനമായ തോതിലാണ് ശരീരത്തില്‍ ന്യൂട്രലൈസിങ് ആന്‍റിബോഡികള്‍ കണ്ടെത്താനായതെന്ന് ഗവേഷകര്‍ പറയുന്നു. രണ്ട് ഡോസ് വാക്സീന്‍ മാത്രം ലഭിച്ചവരെയും അണുബാധയ്ക്ക് ശേഷം വാക്സീന്‍ എടുക്കാത്തവരെയും അപേക്ഷിച്ച് വൈറസിനെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള നീണ്ടുനില്‍ക്കുന്ന ആന്‍റിബോഡി പ്രതികരണം ഇവരില്‍ ഉണ്ടാകുന്നു. അണുബാധ മൂലമോ ബൂസ്റ്റര്‍ വാക്സീന്‍ മൂലമോ ബ്രേക് ത്രൂ അണുബാധ മൂലമോ സാര്‍സ് കോവ്-2 ആന്‍റിജനുമായി ഉണ്ടാകുന്ന ആവര്‍ത്തിച്ചുള്ള ഇടപെടല്‍ ഒരാളുടെ ആന്‍റിബോഡി പ്രതികരണത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് തെളിയിക്കുന്നു.
ഒമിക്രോണ്‍ ന്യൂട്രലൈസിങ് ആന്‍റിബോഡിയില്‍ ഉണ്ടാക്കുന്ന വിടവ് നികത്താന്‍ ബൂസ്റ്റര്‍ ഡോസുകള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്നും ഗവേഷകര്‍ പറയുന്നു. വാഷിങ്ടണ്‍ സര്‍വകലാശാല ബയോ കെമിസ്ട്രി വകുപ്പിലെ അലക്സാന്‍ഡ്ര വാള്‍സും ഡേവിഡ് വീസ്ലറും ഗവേഷണത്തിന് നേതൃത്വം നല്‍കി. സെല്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
