തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമ നിരീക്ഷണത്തിനായി ഒരു നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ ഉണ്ടാവും. സാമൂഹ്യ മാധ്യമങ്ങളിലെ തെറ്റായ ഇടപെടല്‍, വ്യാജവാര്‍ത്തകള്‍ എന്നിവ കര്‍ശന നിരീക്ഷണത്തിന് വിധേയമാകും. ഇത്തരം സംഭവങ്ങളില്‍ പെരുമാറ്റചട്ടലംഘനത്തിന് പുറമെ ഐടി നിയമവും ക്രിമിനല്‍ നടപടി നിയമവും പ്രകാരമുള്ള നടപടികളും സ്വീകരിക്കും.
