Ultimate magazine theme for WordPress.

സുവിശേഷം വേദികളിൽ പ്രസംഗിച്ചുനടന്ന വെള്ളത്തൂവൽ സ്റ്റീഫൻ

ജോർജ് മാത്യു പുതുപ്പള്ളി
(Sydney, Australia)

എന്റെ ബാല്യ- കൗമാര- യൗവനകാലത്ത് കേൾക്കുമ്പോൾ തന്നെ മനസിൽ ഭീതി വിതച്ചിരുന്ന ഒരു പേരായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ എന്നത്. കേരളത്തിലെ നക്സൽബാരി നേതാക്കളുടെ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തെക്കുറിച്ചുള്ള പത്രവാർത്തകൾ ഒരു കാലത്ത് മലയാളികളുടെ ഉറക്കം കെടുത്തിയിരുന്നു.

പിന്നീട് വെള്ളത്തൂവൽ സ്റ്റീഫനും ഞാനും ഒരേ വേദിയിൽ വർഷങ്ങളോളം സുവിശേഷം പ്രസംഗിച്ചു, മിക്കവാറും തലേദിവസവും പിറ്റെ ദിവസവുമായി. എനിക്ക് ജ്യേഷ്ഠസ്ഥാനീയനും ഗുരുതുല്യനുമായ ആദരണീയനായ മത്തായി തെക്കേടത്ത് അച്ചനാണ് (യുഎസ്എ) വെള്ളത്തൂവൽ സ്റ്റീഫനോട് ആദ്യമായി സുവിശേഷം പറഞ്ഞ് അദ്ദേഹത്തെയും യേശുക്രിസ്തുവിന്റെ സുവിശേഷപാതയിൽ കൊണ്ടുവന്നത്.

അൽപസമയം മുമ്പ് പ്രിയ മത്തായി തെക്കേടത്ത് അച്ചൻ അമേരിക്കയിൽ നിന്നും ഞാനുമായി ഫോണിൽ സംസാരിച്ചു. വെള്ളത്തൂവൽ സ്റ്റീഫന്റെ മരണവാർത്തയറിഞ്ഞ് വിളിച്ചതാണ്. മത്തായി അച്ചന്റെ സുവിശേഷദൂതിനു മുമ്പിൽ വെള്ളത്തൂവൽ സ്റ്റീഫനും കുടുംബവും മഹാദൈവമായ യേശുകർത്താവിനു മുമ്പിൽ കീഴടങ്ങി.

വെള്ളത്തൂവൽ സ്റ്റീഫൻ പിന്നീട് ദൈവരാജ്യത്തിന്റെ സുവിശേഷം അനേകവേദികളിൽ പ്രസംഗിച്ചുനടന്നു. മനുഷ്യരെ കൊന്നുതള്ളിയ തന്നെ ദൈവരാജ്യത്തിനുവേണ്ടി മനുഷ്യരെ പിടിക്കുന്നവനാക്കി മാറ്റിയ യേശുക്രിസ്തു ആയിരുന്നു അദ്ദേഹത്തിന്റെ അക്കാലത്തെ പ്രധാന പ്രസംഗവിഷയം. പ്രപഞ്ചത്തിലെ മറ്റെല്ലാ പ്രത്യയശാസ്ത്രങ്ങളും യേശുക്രിസ്തുവിന്റെ സുവിശേഷത്തിനു മുമ്പിൽ വട്ടപ്പൂജ്യമെന്ന് സ്റ്റീഫൻ അന്ന് പരസ്യമായി വിളിച്ചുപറഞ്ഞു.

മികച്ച ഒരു തയ്യൽക്കാരനും അതോടൊപ്പം ഉത്സാഹിയായ ഒരു കർഷകനും കൂടിയായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ. സുവിശേഷപ്രവർത്തനത്തോടൊപ്പം ഉപജീവനാർത്ഥം അദ്ദേഹം ഇഷ്ടതൊഴിലായ തയ്യൽജോലിയും സ്വീകരിച്ചിരുന്നു. സുവിശേഷവേലയിലും പ്രഘോഷണത്തിലും സജീവമായ അദ്ദേഹം ഹൈറേഞ്ച് കേന്ദ്രമാക്കി ഒരു ഗോസ്പൽ ടീമും രൂപീകരിച്ചു. അതിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലും വെളിയിലും സുവിശേഷപര്യടനം നടത്തി.

എന്തുകൊണ്ടെന്ന് എനിക്കറിയില്ല, പിന്നീട് അദ്ദേഹം സുവിശേഷപ്രവർത്തനങ്ങൾ ഉപേക്ഷിച്ചതായി ഇന്നത്തെ ‘മലയാള മനോരമ’യിൽ ഞാൻ വായിച്ചു. അത് എനിക്കൊരു പുത്തൻ അറിവാണ്. ഞാൻ ഇപ്പോൾ ഇന്ത്യയിൽ ഇല്ലാത്തതിനാൽ അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച സാഹചര്യത്തെക്കുറിച്ച് എനിക്കു വ്യക്തമായി അറിയില്ല.

ഭാര്യയും ഏക മകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. മകൾ കുടുംബസ്ഥയായി വിദേശത്ത് ആണെന്നറിയുന്നു. കാൻസർ അദ്ദേഹത്തെ പിടികൂടി. അദ്ദേഹം കാൻസറിനു കീഴടങ്ങി, ഏറ്റവും ഒടുവിൽ ഇപ്പോൾ മരണത്തിനും.

‘വെള്ളത്തൂവൽ’ എന്ന മലയോരഗ്രാമത്തെ തന്റെ പേരിലൂടെ ലോകഭൂപടത്തിൽ ലബ്ധ പ്രതിഷ്ഠമാക്കിയ വെള്ളത്തൂവൽ സ്റ്റീഫൻ എന്ന പ്രത്യയശാസ്ത്രപ്രചാരകൻ ഇനി മുതൽ ചരിത്രരേഖകളിൽ വിശ്രമിക്കുന്നു.
(വാട്സ്ആപ്പ് : 9847481080) ❤️

Sharjah city AG

Comments are closed.