സംസ്ഥാന സ്‌കൂൾ കായിക മേളക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം : അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായിക മേളക്ക് ഇന്ന് തുടക്കം. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം,യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവടങ്ങളിലായിട്ടാണ് കായിക മേള നടക്കുന്നത്. ഡിസംബർ 3 മുതൽ 6 വരെയാണ് കായിക മേള. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന് ആതിഥേയരാവുന്നത്. ഇത്തവണത്തെ കായികോത്സവത്തിന് പകലും രാത്രിയുമായി നടത്തുന്നുവെന്ന ഒരു പ്രത്യേകത കൂടിയുണ്ട്.
14 ജില്ലകളിൽ നിന്നായി 2400 ഓളം കായിക താരങ്ങളാണ് മാറ്റുരക്കുന്നത്. ഇന്ന് വൈകിട്ട് ആറിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. രണ്ടുവർഷത്തെ കൊറോണ ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ മേളയിൽ സബ് ജൂനിയർ ബോയ്‌സ് ആൻഡ് ഗേൾസ്, ജൂനിയർ ബോയ്‌സ് ആൻഡ് ഗേൾസ്, സീനിയർ ബോയ്‌സ് ആൻഡ് ഗേൾസ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാർഥികൾ പങ്കെടുക്കും. ഇതിൽ 1,443 ആൺകുട്ടികളും, 1,294 പെൺകുട്ടികളും ഉൾപ്പെടും. കൂടാതെ 350 ഓളം ഒഫീഷ്യൽസും പങ്കെടുക്കും. രാവിലെ ഏഴിന് സീനിയർ ആൺകുട്ടികളുടെ 3000മീറ്റർ ഓട്ടത്തോടെയായിരിക്കും മേളക്ക് തുടക്കമിടുക.
