സെന്‍റ് അലോഷ്യസ് കോളേജ് പാർക്കിനു ഫാ. സ്റ്റാൻ സ്വാമിയുടെ പേര് നല്‍കുന്നതിനെതിരെ തീവ്രഹിന്ദു സംഘടനകള്‍
മംഗളൂരു: കഴിഞ്ഞ ജൂലൈയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആശുപത്രിയിൽവെച്ചു മരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയുടെ പേര് കോളേജ് പാർക്കിനിടുന്നതില്‍ പ്രതിഷേധവുമായി തീവ്രഹിന്ദുത്വവാദികള്‍. ജെസ്യൂട്ട് സഭയുടെ കീഴിലുള്ള മംഗളൂരുവിലെ സെന്‍റ് അലോഷ്യസ് കോളേജ് ക്യാംപെസില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്കിന് ഭരണകൂട ഭീകരതയ്ക്കിരയായി രക്തസാക്ഷിത്വം വരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ പേര് നല്‍കുന്നതാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചതെന്ന് \’ഏജന്‍സിയ ഫിഡെസ്\’ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കേ ഇന്ത്യയിലെ ആദിവാസികള്‍ക്കും നിരക്ഷരര്‍ക്കും ഇടയില്‍ പ്രവര്‍ത്തിച്ച സ്റ്റാന്‍ സ്വാമിയോടുള്ള ആദരാണര്‍ത്ഥമാണ് പാര്‍ക്കിന് \’സ്റ്റാന്‍ സ്വാമി പീസ് പാര്‍ക്ക്\’ എന്ന പേര് നല്കുവാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചത്.
ഇതിനിടെ തീവ്രഹിന്ദുത്വ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌രംഗ് ദള്‍ എന്നിവയും ബിജെപിയുടെ കീഴിലുള്ള വിദ്യാർത്ഥി വിഭാഗമായ അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് സംഘടനയുമാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. വിഷയത്തിൽ ഇവര്‍ പോലീസിന് പരാതി സമർപ്പിച്ചിട്ടുണ്ട്. ഫാ. സ്റ്റാന്‍ സ്വാമിയുടെ പേര് പാർക്കിന് പേര് നൽകിയാൽ അത് സമൂഹത്തിന് അപമാനമാണെന്നാണ് ഇവരുടെ വാദം. ജെസ്യൂട്ട് സഭ ഈ നിലപാടിനെ അപലപിച്ചു.
കഴിഞ്ഞ 140 വർഷമായി സെന്റ് അലോഷ്യസ് കോളേജ് മത, ജാതി, സാമൂഹിക അടിസ്ഥാനത്തിൽ ആരെയും വിവേചനം കൂടാതെ സമൂഹത്തെ സേവിച്ചിട്ടുണ്ടെന്നും പാർക്കിന് ഫാ. സ്റ്റാന്‍ സ്വാമിയുടെ പേരിടാൻ എല്ലാ അവകാശവുമുണ്ടെന്നും ജെസ്യൂട്ട് സഭ അധികൃതര്‍ വ്യക്തമാക്കി. അതേസമയം സിറ്റി പോലീസ് കമ്മീഷണറുടെ അഭ്യര്‍ത്ഥന പ്രകാരം പാർക്കിന്റെ പേരിടൽ ചടങ്ങ് താത്ക്കാലികമായി മാറ്റിവയ്ക്കാൻ കോളേജ് നേതാക്കൾ തീരുമാനമെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 5 മുംബൈ ഹോളി ഫാമിലി ആശുപത്രിയില്‍വെച്ചായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. തടങ്കലിലായ സമയത്ത് വൈദികന്‍ നേരിട്ട കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിന്നു.
