ലെബനൻ : തെക്കൻ ലെബനനിലെ ക്രിസ്ത്യൻ സമൂഹങ്ങളെ സംരക്ഷിക്കാൻ സഹായിക്കണമെന്ന് ലെബനൻ വത്തിക്കാനോട് അഭ്യർത്ഥിച്ചു. ഇസ്രായേലും ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം ശക്തമായതോടെ ലെബനനിൽ വലിയൊരു മാനുഷിക പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ലെബനനിൽ 630-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഇരുപക്ഷവും തമ്മിലുള്ള റോക്കറ്റ് ആക്രമണങ്ങൾ വർദ്ധിച്ചു. ഇതേത്തുടർന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. ലെബനൻ വിദേശകാര്യ മന്ത്രി യൂസഫ് റാഗി വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് പോൾ ഗല്ലഗറുമായി ഫോണിലൂടെ സംസാരിക്കുകയും അതിർത്തി ഗ്രാമങ്ങൾ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് ആശങ്ക അറിയിക്കുകയും ചെയ്തു. യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കുന്ന വിശ്വാസികൾക്കും സാധാരണക്കാർക്കും വത്തിക്കാന്റെ ഇടപെടൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Comments are closed.