Ultimate magazine theme for WordPress.

ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്നത് നിശബ്ദ ആക്രമണം: ബ്രിട്ടീഷ് എം‌പി ജിം ഷാനൻ

ലണ്ടൻ: ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരെ നിശബ്ദമായ ആക്രമണമാണ് നടക്കുന്നതെന്നു ബ്രിട്ടനിലെ ഡെമോമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി എംപി ജിം ഷാനൻ. ഹൗസ് ഓഫ് കോമൺസിൽ മതസ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് മണിപ്പൂരിലെ അക്രമം സംഭവം ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് എം‌പി ആശങ്ക പങ്കുവെച്ചത്. ജി20 ഉച്ചകോടിക്കായി ഇന്ത്യ സന്ദര്‍ശിച്ച യുകെ പ്രധാനമന്ത്രി ഋഷി സുനാക്ക്, മണിപ്പൂരിലെ അക്രമം സംബന്ധിച്ചു എന്തെങ്കിലും പ്രതികരണം നടത്തിയോയെന്നും ബ്രിട്ടീഷ് എം‌പി ചോദ്യമുയര്‍ത്തി. മണിപ്പൂരിലെ സംഭവങ്ങളെ ഗോത്രവർഗ വംശീയ സംഘർഷങ്ങളിൽ നിന്ന് ഉത്ഭവിച്ചതായി തരംതിരിക്കാമെങ്കിലും സംഭവം ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് നേരെ നിശബ്ദമായി നടന്ന ആക്രമണമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രാദേശിക പോലീസും സംസ്ഥാന സർക്കാരും ന്യൂനപക്ഷ, മത വിഭാഗങ്ങളുടെ ജീവനും സ്വത്തുക്കളും വീടുകളും നശിപ്പിച്ചു. അക്രമം നടത്തിയത് ഹിന്ദു തീവ്രവാദ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ഇരകൾ കൂടുതലും ക്രിസ്ത്യാനികളാണ്. ദിവസങ്ങള്‍ക്കിടെ ഇരുന്നൂറ്റിമുപ്പതോളം ക്രൈസ്തവ ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. അക്രമം നടത്തിയ പല കുറ്റവാളികളും യാദൃശ്ചികമായി പ്രവർത്തിച്ചവരല്ല. അവരുടെ അക്രമം ക്രിസ്ത്യാനികളെ ബോധപൂർവം ലക്ഷ്യംവെച്ചുള്ളതാണ്, ക്രൈസ്തവര്‍ അവരുടെ ദേശങ്ങളിൽ നിന്ന് പലായനം ചെയ്യണമെന്ന് അക്രമികള്‍ ആഗ്രഹിച്ചുവെന്നും അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള സർവകക്ഷി പാർലമെന്ററി ഗ്രൂപ്പിന്റെ ചെയർമാന്‍ കൂടിയായ ഷാനൻ പറഞ്ഞു.

മണിപ്പൂരിൽ തുടരുന്ന കലാപം ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്നു ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രതിനിധി ഫിയോണ ബ്രൂസും തുറന്നടിച്ചിരിന്നു. നൂറോളം ദേവാലയങ്ങള്‍ തകര്‍ത്തതും അന്‍പതിനായിരത്തോളം ആളുകൾക്ക് ഭവനങ്ങൾ ഉപേക്ഷിക്കേണ്ടതായിവന്നുവെന്നും പറഞ്ഞ ഫിയോണ ബ്രൂസ്, ഈ സംഭവങ്ങൾ ഗൂഢാലോചനകൾക്ക് ശേഷം നടന്നതാണെന്നും ചൂണ്ടിക്കാട്ടിയിരിന്നു. അതേസമയം ഇല്ലാത്ത സമുദായ ധ്രുവീകരണം സൃഷ്ടിച്ച് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന മണിപ്പൂരിലെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കേന്ദ്രം നിശബ്ദത പാലിച്ചത് ഭരണകൂടഭീകരതയുടെ അടയാളമായാണ് ആഗോളതലത്തില്‍ നിരീക്ഷിക്കപ്പെടുന്നത്.

Sharjah city AG