Ultimate magazine theme for WordPress.

കുതിരപ്പുറത്ത് നിന്ന് വീണ ശൗലും വാൾ താഴെയിട്ട പത്രോസും

പാസ്റ്റർ സന്തോഷ് ഇടക്കര

ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്ത്യൻ സമൂഹം ഇന്ന് കടന്നുപോകുന്ന കാലഘട്ടം അത്ര എളുപ്പമുള്ളതെന്ന് പറയുവാൻ കഴിയില്ല. വിശ്വാസം സ്വകാര്യതയിലേക്ക് ഒതുക്കപ്പെടുവാൻ നിർബന്ധിക്കുകയും സുവിശേഷ സാക്ഷ്യം സംശയത്തിന്റെ കണ്ണിലൂടെ നോക്കപ്പെടുകയും ചെയ്യുന്ന ഒരു കാലം. നിയമപരമായ നിയന്ത്രണങ്ങളും സാമൂഹിക സമ്മർദ്ദങ്ങൾക്കും ഒപ്പം തുറന്ന പീഡനങ്ങളും സഭയുടെ നിത്യാനുഭവമായി മാറുന്നു.

ആധുനിക സഭയുടെ ചരിത്രം പരിശോധിച്ചാൽ ഒരു സത്യം വ്യക്തമായി കാണാം: ഓരോ കാലഘട്ടത്തിലും വെല്ലുവിളികൾ ശക്തമായപ്പോൾ മനുഷ്യൻ തിരഞ്ഞെടുത്ത വഴികൾ അധികാരത്തിന്റെയും പ്രതിരോധത്തിന്റെയും ആയിരുന്നു. എന്നാൽ സുവിശേഷത്തിന്റെ വഴി എപ്പോഴും അതിനേക്കാൾ ആഴമുള്ളതും വ്യത്യസ്തവുമായിരുന്നു. അധികാരപത്രം വാങ്ങി ഇറങ്ങിയ ശൗലിനെ കുതിരപ്പുറത്ത് നിന്നു താഴെയിട്ടത് ഒരു പ്രതിഷേധപ്രകടനമല്ലായിരുന്നു; അത് മാനുഷിക പ്രതിരോധത്തിന്റെ വിജയവുമല്ല. മനുഷ്യൻ പണിത എല്ലാ സുരക്ഷാ സംവിധാനങ്ങളെയും മറികടന്ന് ദൈവം തന്നെ ഇടപെട്ട നിമിഷമായിരുന്നു അത്.

അതുപോലെ, ഗെത്ത്സമനെയിൽ വാൾ എടുത്ത പത്രോസിനോട് യേശു പറഞ്ഞ വാക്കുകൾ ഇന്നും സഭയോട് ശക്തമായി സംസാരിക്കുന്നു. ഈ രണ്ട് സംഭവങ്ങൾ ചേർന്ന് ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ് — നാം ദൈവിക വഴിയിലൂടെയോ….. മനുഷ്യൻ നിർമ്മിച്ച വഴികളിലൂടെയോ….. ഏതിലൂടെയാണ് നടക്കുന്നത്?

അധികാരപത്രം കൈവശം വെച്ച് ഇറങ്ങിയ ശൗലിനെ നിലത്തിട്ടത് മനുഷ്യരുടെ സംഘടിത പ്രതിഷേധങ്ങളാലോ സാമൂഹിക സമ്മർദ്ദങ്ങളാലോ അല്ല. സ്വർഗ്ഗത്തിൽ നിന്നുയർന്ന ശബ്ദം മനുഷ്യന്റെ അധികാരത്തെ നിശ്ശബ്ദമാക്കി. നിയമപരമായ അംഗീകാരങ്ങളും മതപരമായ അനുമതികളും രാഷ്ട്രീയ പിന്തുണകളും എല്ലാം ഒരു നിമിഷംകൊണ്ട് അർത്ഥശൂന്യമായി. ദൈവത്തിന്റെ വിളിക്ക് മുന്നിൽ മനുഷ്യൻ ഉറപ്പായി കരുതിയതെല്ലാം തകർന്നു വീഴുന്ന അനുഭവമായിരുന്നു അത്.

ഇന്നത്തെ കാലഘട്ടത്തിൽ സുവിശേഷ പ്രവർത്തകർക്ക് നേരെ പീഡനങ്ങൾ വർദ്ധിക്കുമ്പോൾ, സഭ പലപ്പോഴും മനുഷ്യൻ സൃഷ്ടിച്ച പ്രതിരോധങ്ങളിലേക്ക് അഭയം തേടുന്ന കാഴ്ച കാണാം. നൂറുകണക്കിന് സംഘടനകളും കുട്ടി സംഘടനകളും പ്രതിഷേധ പ്രകടനങ്ങളും — ഇവ ദൈവിക ശക്തിയുടെ പകരക്കാരായി മാറുമ്പോൾ സുവിശേഷത്തിന്റെ ആത്മാവ് മങ്ങിത്തുടങ്ങുന്നു. ദൈവത്തിൽ നിന്നുള്ള ആശ്രയം മാറി, മനുഷ്യൻ പണിത സംവിധാനങ്ങളിൽ വിശ്വാസം നിക്ഷേപിക്കപ്പെടുന്ന നിമിഷം സഭയുടെ ദിശ തന്നെ മാറുന്നു.

ആദിമ സഭയുടെ അനുഭവത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഈ സത്യം കൂടുതൽ വ്യക്തമാണ്. അവർക്ക് അധികാര പത്രങ്ങളോ നിയമപരമായ സംരക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. സംഘടിത പ്രതിരോധ സംവിധാനങ്ങളും ഇല്ലായിരുന്നു. എന്നാൽ അവർക്ക് ഉണ്ടായിരുന്നത് പ്രാർത്ഥനയും പരിശുദ്ധാത്മാവിന്റെ ശക്തിയും സാക്ഷ്യജീവിതവുമായിരുന്നു. ആ ശക്തിക്ക് മുന്നിൽ സാമ്രാജ്യങ്ങൾ പോലും നടുങ്ങി. മനുഷ്യൻ നിർമ്മിച്ച പ്രതിരോധങ്ങളല്ല സഭയെ മുന്നോട്ട് കൊണ്ടുപോയത്; ദൈവം കൊടുത്ത ശക്തിയാണ് അവരെ നിലനിറുത്തിയത്.

ഗെത്ത്സമനെയിൽ പത്രോസ് വാൾ എടുത്ത നിമിഷം യേശു പറഞ്ഞത് വെറും ശാസനയായിരുന്നില്ല; അത് സഭയ്ക്കുള്ള ദൈവിക ദിശാസൂചനയായിരുന്നു. “വാൾ എടുക്കുന്നവർ വാളാൽ നശിക്കും” എന്ന വാക്കുകൾ ആത്മീയ യുദ്ധത്തെ മാനുഷിക ആയുധങ്ങളാൽ നേരിടാനുള്ള എല്ലാ ശ്രമങ്ങളെയും ചോദ്യം ചെയ്യുന്നു. വാൾ എടുത്ത പത്രോസിലൂടെ ഒരിക്കലും ദൈവപ്രവർത്തി മുന്നേറിയിട്ടില്ല. മറിച്ച്, വാൾ താഴെയിട്ട് ക്രൂശ് ചുമന്ന ക്രിസ്തുവിലൂടെയാണ് ലോകത്തിന്റെ രക്ഷ നടന്നത്. ഇന്നത്തെ സഭ പലപ്പോഴും ശക്തി അളക്കുന്നത് അംഗസംഖ്യയിലും സംഘടനാപ്രാപ്തിയിലും പ്രതിഷേധശേഷിയിലുമാണ്. എന്നാൽ ദൈവരാജ്യത്തിന്റെ ഗണിതം അതല്ല. ആത്മാവില്ലാതെ നിലനിൽക്കുന്ന മനുഷ്യ നിർമ്മിത സംഘടനകളും പ്രതിഷേധങ്ങളും സുവിശേഷത്തിന് സാക്ഷികളാകുന്നില്ല; മറിച്ച് അവ ഭാരങ്ങളായി മാറുന്നു. നാം ഉണ്ടാക്കിയെടുക്കുന്ന പ്രതിരോധങ്ങൾ തന്നെ ദൈവത്തിൽ നിന്നുള്ള ആശ്രയത്തെ മാറ്റിസ്ഥാപിക്കുന്ന നിമിഷം, അവ അർത്ഥശൂന്യമായ ഘടനകളായി മാത്രം ശേഷിക്കും.

ശൗലിനെ നിലത്തിട്ടത് മനുഷ്യന്റെ ശക്തിയല്ലായിരുന്നു; അത് ദൈവത്തിന്റെ വെളിപ്പാട് ആയിരുന്നു. അതുപോലെ ഇന്നത്തെ സഭയെ സംരക്ഷിക്കുക മനുഷ്യൻ പണിത മതിലുകളല്ല, ദൈവത്തിന്റെ ശബ്ദം കേൾക്കാനുള്ള ഒരുക്കവും അനുസരണവും ആണ്. അധികാരപത്രങ്ങളേക്കാൾ വലുതാണ് അനുസരണം. പ്രതിഷേധങ്ങളേക്കാൾ ശക്തമാണ് പ്രാർത്ഥന. സംഘടനകളേക്കാൾ ആഴമുള്ളതാണ് സാക്ഷ്യജീവിതം.

ദേശീയതലത്തിൽ സഭ നേരിടുന്ന വെല്ലുവിളികൾക്കിടയിൽ ഈ സത്യം വീണ്ടും ഉയർത്തിപ്പിടിക്കപ്പെടണം. സഭ ആദിമ അനുഭവത്തിലേക്ക് മടങ്ങിവരുമ്പോൾ മാത്രമേ സുവിശേഷത്തിന്റെ തീ വീണ്ടും ജ്വലിക്കൂ. മനുഷ്യൻ സൃഷ്ടിച്ച പ്രതിരോധങ്ങളിൽ ആശ്രയിക്കുന്ന സഭ ദുർബലമാകുമ്പോൾ, ദൈവത്തിൽ മാത്രം ആശ്രയിക്കുന്ന സഭ ചരിത്രം മാറ്റുന്ന ശക്തിയായി മാറും.

കുതിരപ്പുറത്ത് നിന്ന് വീണ ശൗലും വാൾ താഴെയിട്ട പത്രോസും ഒരേ സന്ദേശമാണ് നൽകുന്നത് — ദൈവിക വഴി മനുഷ്യന്റെ വഴിയല്ല. നാം ഉണ്ടാക്കിയെടുക്കുന്ന എല്ലാ പ്രതിരോധങ്ങളും സംഘടനകളും ആത്മാവില്ലാതെ നിലനിൽക്കുമ്പോൾ അർത്ഥശൂന്യമാണ്. എന്നാൽ ദൈവത്തിന്റെ വിളിക്ക് മുന്നിൽ തലകുനിയുന്ന സഭ, പീഡനങ്ങൾക്കിടയിലും സുവിശേഷത്തിന്റെ വെളിച്ചമായി നിലനിൽക്കും. ഇന്നും ദൈവം ചോദിക്കുന്നത് ഇതാണ്: നിനക്ക് വേണമോ മനുഷ്യൻ പണിത സുരക്ഷ, അതോ ദൈവം ഒരുക്കുന്ന വഴി?

Sharjah city AG

Comments are closed.