യുഎസ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘റിലീജിയസ് ലിബർട്ടി കമ്മീഷൻ’ ഉപദേശക സമിതിയിൽ നിന്ന് മുസ്ലീം പ്രതിനിധി സമീറ മുൻഷി രാജിവെച്ചു. ഇറാനെതിരായ യുദ്ധത്തിലും, സഹപ്രവർത്തകയായ കാരി പ്രീജീൻ ബോളറെ പുറത്താക്കിയതിലും പ്രതിഷേധിച്ചാണ് തീരുമാനം. ഈ ഭരണകൂടത്തിന്റെ ക്രൂരതകൾക്ക് ഏതെങ്കിലും തരത്തിൽ താൻ സാധുത നൽകിയിട്ടുണ്ടെങ്കിൽ ദൈവം തന്നോട് ക്ഷമിക്കട്ടെ എന്ന് രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പിൽ അവർ പറഞ്ഞു.
ഫെബ്രുവരിയിൽ നടന്ന ആന്റി സെമിറ്റിസം ഹിയറിംഗിൽ ഇസ്രായേലിനെയും സയണിസത്തെയും വിമർശിച്ചതിനാണ് കാരി ബോളറെ കമ്മീഷനിൽ നിന്ന് നീക്കം ചെയ്തത്. ബോളർ ഹിയറിംഗ് തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്ന് കമ്മീഷൻ ചെയർമാൻ ഡാൻ പാട്രിക് ആരോപിച്ചിരുന്നു. എന്നാൽ, ഫലസ്തീൻ അനുകൂല നിലപാടുകൾ സ്വീകരിക്കുന്നവരെ ഭരണകൂടം വേട്ടയാടുകയാണെന്നും ഇറാനിലെ യുദ്ധം ഭരണഘടനാ വിരുദ്ധമാണെന്നും മുൻഷി ആരോപിച്ചു.
ട്രംപ് ഭരണകൂടത്തിലെ ഏക മുസ്ലീം വനിതാ ഉപദേശകയായിരുന്നു സമീറ മുൻഷി. കമ്മീഷനിൽ തന്റെ വിശ്വാസത്തെ പലരും പരിഹസിച്ചിട്ടും മാറ്റമുണ്ടാക്കാൻ ശ്രമിച്ചുവെന്നും എന്നാൽ സയണിസ്റ്റ് രാഷ്ട്രീയ അജണ്ടയ്ക്കായി മതസ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്നും അവർ സബ്സ്റ്റാക്കിൽ എഴുതിയ കത്തിൽ വ്യക്തമാക്കി.

Comments are closed.