കീവ്: ഉക്രൈന്‍ തുറമുഖ നഗരമായ ഒഡെസയില്‍ മിസൈല്‍ ആക്രമണം നടത്തി റഷ്യ. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 19 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റീജിയണല്‍ ഗവര്‍ണര്‍ ഒലെ കിപ്പര്‍ പറഞ്ഞു. ആക്രമണത്തില്‍ ക്രൈസ്തവ ദൈവാലയത്തിനും കേടുപാടുകള്‍ സംഭവിച്ചതായി സിറ്റി കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച റഷ്യ ഉക്രൈനുമായുള്ള ധാന്യ ഇടപാട് അവസാനിച്ചത് മുതല്‍ ഒഡെസയില്‍ ആക്രമണം തുടരുകയാണ്. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടതായി കിപ്പര്‍ പറഞ്ഞു. അഞ്ചോളം മിസൈലുകള്‍ ഉപയോഗിച്ചാണ് ഒഡെസയില്‍ റഷ്യ ആക്രമണം നടത്തിയതെന്ന് സൈന്യം പറഞ്ഞു.
ആക്രമണത്തില്‍ ദൈവാലയത്തിനു സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. ഒഡെസയിലെ ഏറ്റവും വലിയ ക്രൈസ്തവ ദൈവാലയമാണ് ഇത് . 1809 ലാണ് ഇത് നിര്‍മ്മിക്കപ്പെടുന്നത്. പിന്നീട് സോവിയറ്റ് യൂണിയന്‍ പള്ളി തകര്‍ത്തിരുന്നു. അതിന് ശേഷം 2003ലാണ് ഇവ വീണ്ടും പുതുക്കി നിര്‍മ്മിക്കുന്നത്. ദൈവാലയത്തിന്റെ പകുതിയോളം ഭാഗം തകര്‍ക്കപ്പെട്ടിട്ടുണ്ട്. അലയത്തിന്റെ മേല്‍ക്കൂര ആക്രമണത്തില്‍ പകുതിയും തകര്‍ന്നു. ആക്രമണത്തെ തുടര്‍ന്നുണ്ടായ തീ പിടുത്തത്തില്‍ ജനവാതിലുകളെല്ലാം കത്തി നശിച്ചു. ഒഡെസക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ യുനെസ്‌കോ റഷ്യയോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു.
