മോസ്കോ : ചന്ദ്രനിൽ അര മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന വൈദ്യുതനിലയം നിർമ്മിക്കാൻ പദ്ധതിയുമായി റഷ്യയുടെ റൊസാറ്റം ന്യൂക്ലിയർ കോർപറേഷൻ. ദൗത്യത്തിൽ റഷ്യയ്ക്കൊപ്പം ചേരാൻ ചൈനയും ഇന്ത്യയും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണു വിവരം.
ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റൊസാറ്റം മേധാവി അലക്സി ലിഖാചേവാണ് പദ്ധതിയെപ്പറ്റി വെളിപ്പെടുത്തിയത്. “പരമാവധി അര മെഗാവാട്ട് വരെ ഊർജശേഷിയുള്ള ചാന്ദ്ര ആണവ വൈദ്യുതനിലയം നിർമിക്കാനാണു നീക്കം. ഞങ്ങളുടെ ചൈനീസ്, ഇന്ത്യൻ പങ്കാളികൾ ഇതിൽ വളരെ താൽപര്യം അറിയിച്ചിട്ടുണ്ട്. നിരവധി ബഹിരാകാശ പദ്ധതികൾ തുടങ്ങാനും ഞങ്ങൾ ശ്രമിക്കുന്നു.”- അലക്‌സി ലിഖാചേവ് പറഞ്ഞു. ചന്ദ്രനിൽ 2036ൽ ആണവ വൈദ്യുതനിലയം സ്‌ഥാപിക്കാൻ പദ്ധതിയുണ്ടെന്നു റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് മേയിൽ പ്രഖ്യാപിച്ചിരുന്നു. 2050 ആകുമ്പോഴേക്കും ചാന്ദ്രതാവളം സ്‌ഥാപിക്കുക എന്ന സ്വപ്‌നത്തിനു ആണവപദ്ധതി മുതൽക്കൂട്ടാകുമെന്ന് ഇന്ത്യ കരുതുന്നതായി “ദ് യൂറേഷ്യൻ ടൈംസ്’ റിപ്പോർട്ട് ചെയ്‌തു.
