കെനിയ : ലൈംഗികാതിക്രമക്കേസുകളിൽ വിചാരണ നേരിടുന്ന ബ്രിട്ടീഷ് താരം റസൽ ബ്രാൻഡ് ലണ്ടനിലെ സൗത്ത്വാർക്ക് ക്രൗൺ കോടതിയിൽ ഹാജരായി. 2009-ൽ നടന്നതായി പറയപ്പെടുന്ന രണ്ട് ബലാത്സംഗക്കേസുകളിലും അദ്ദേഹം കുറ്റക്കാരനല്ലെന്ന് കോടതിയിൽ ബോധിപ്പിച്ചു. കയ്യിൽ ബൈബിളും കഴുത്തിൽ കുരിശുമാലയുമായി എത്തിയ ബ്രാൻഡിന്റെ കോടതിയിലെ സാന്നിധ്യം വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റി.
താൻ ഒരു ബോൺ എഗെയ്ൻ ക്രിസ്റ്റ്യൻ ആണെന്ന് പ്രഖ്യാപിച്ച ബ്രാൻഡ് 2024-ൽ ബിയർ ഗ്രിൽസിന്റെ സാന്നിധ്യത്തിൽ സ്നാനമേറ്റിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. 2023-ലെ ഒരു ഡോക്യുമെന്ററിയെത്തുടർന്നാണ് ദശകങ്ങൾ പഴക്കമുള്ള പല പരാതികളും അദ്ദേഹത്തിനെതിരെ ഉയർന്നുവന്നത്.
ഹാസ്യനടൻ എന്ന നിലയിൽ നിന്ന് മാറി ഇപ്പോൾ ആഗോള രാഷ്ട്രീയ നിരീക്ഷകനായി മാറിയ ബ്രാൻഡിന്റെ ഈ നിയമപോരാട്ടം ഏറെ നിർണ്ണായകമാണ്. വിവിധ കാലഘട്ടങ്ങളിലായി ഒന്നിലധികം സ്ത്രീകൾ നൽകിയ പരാതികളിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ആത്മീയമായ മാറ്റത്തിലൂടെ ജീവിതം പുതിയ രീതിയിൽ ക്രമീകരിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും കോടതിയുടെ അന്തിമ വിധി എന്താകുമെന്ന് ലോകം ഉറ്റുനോക്കുന്നു.

Comments are closed.