കഴിഞ്ഞ ചില മാസങ്ങളിലായി പരിശുദ്ധാത്മ പ്രവർത്തനം എന്ന നിലയിൽ ചിലയിടങ്ങളിൽ രൂപപ്പെടുന്ന ഉണർവ്വ് വിശ്വാസ സമൂഹത്തിൽ തെറ്റിദ്ധാരണയുളവാക്കുന്നതായി കാണുന്നു.
പെന്തക്കോസ്തു നവോത്ഥാനത്തിന്റെ ആരംഭകാലം മുതൽ വിവിധ സ്ഥലങ്ങളിലും വിവിധ ഘട്ടങ്ങളിലുമായി ക്രിസ്തുരാജ്യത്തിന്റെ കെട്ടുപണിക്കായി പലരും തങ്ങളുടെ ജീവൻ പോലും തൃണവൽഗണിച്ചിട്ടുണ്ട്. പരിശുദ്ധാത്മാവിന്റെ ആവിർഭാവത്താൽ ഉടലെടുത്ത ദൈവസഭയുടെ വളർച്ച അത്ഭുതാവഹമായിരുന്നു. അനേകായിരങ്ങൾ കർത്താവിന്റെ രാജ്യത്തിനായി വേർതിരിഞ്ഞു. അനേകർ ദൈവരാജ്യത്തിനായി അദ്ധ്വാനിച്ചു. അദ്ധ്വാനങ്ങളൊന്നും വൃഥാവായില്ല. തലമുറകളെ ദൈവം ധാരാളമായി അനുഗ്രഹിച്ചു. അനുഗ്രഹങ്ങൾ കൂടുതൽ ലഭിച്ചതനുസരിച്ച് വ്യക്തികളുടെ ജീവിതവീക്ഷണങ്ങൾക്കും ആത്മിക കാഴ്ചപ്പാടുകൾക്കും കോട്ടം സംഭവിച്ചു എന്നു മാത്രം. ജീവിത സൗകര്യങ്ങൾക്ക് ഒരു ഉപാധിയായി പലരും ആത്മിക മണ്ഡലത്തെ കണ്ടു. കർത്താവിന്റെ ശുശ്രൂഷാ സമയത്ത് ഓടിക്കൂടിയവരിൽ പലർക്കും പലവിധ ഉദ്ദേശങ്ങളായിരുന്നു. ചിലർക്ക് പാപമോചനം വേണം. ചിലർക്ക് രോഗസൗഖ്യമാണ് ആവശ്യം. പുരു ഷാരത്തെ കാണുവാനുള്ള കൗതുകത്തോടെയും ചിലർ കൂടി. അപ്പം തിന്നുവാനും പലർ വന്നു കൂടി. എന്നാൽ യാഥാർത്ഥ്യം കണ്ടെത്തി കർത്താവിന്റെ വാക്കുകൾ ജീവിതത്തിൽ പകർത്തിയവർ രക്ഷപ്പെട്ടു.
നാമും പല സന്ദർഭങ്ങളിലും യാഥാർത്ഥത്തിൽ നിന്നും വ്യതിചലിക്കുന്നില്ലേ?
ആത്മീക യുദ്ധം എന്ന നിലയിൽ ഉണർവ്വുണ്ടാക്കി നിഷ്കളങ്കരായ ജനത്തെ ഇളക്കുന്ന ഒരു കൂട്ടർ. ഇവർ മൊത്തമായും ചില്ലറയായും അത്ഭുതങ്ങൾ വിറ്റ് കാശുണ്ടാക്കുന്നു.
അപ്പോസ്തലന്മാരെപ്പോലും അത്ഭുതപ്പെടുത്തുന്ന ശുശ്രൂഷകൾ ചെയ്തു ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നവർ മറ്റൊരു കൂട്ടർ. വീഴ്ത്തലും, പുതപ്പിക്കലും അങ്ങനെ പലതും ഇവർ ചെയ്യുന്നു.
ഇതിലൊന്നും പെടാത്ത വേറൊരു കൂട്ടരുമുണ്ട്. ആത്മീക കാഴ്ചപ്പാടുകളുടെ വക്താക്കളായി സോഷ്യൽ മീഡിയയിലൂടെ വിമർശനം നടത്തി subscribers നെ കൂട്ടി ദ്രവ്യം സമ്പാദിക്കുന്നവരാണിവർ. ഇതിലൂടെയൊന്നും ജനത്തിന് ആത്മീക വർദ്ധനവിന് കാരണമാകുന്നില്ല എന്ന് മാത്രമല്ല സമൂഹത്തിൽ ദൈവനാമം ദുഷിക്കപ്പെടുവാനും ഇടയാകുന്നു.
കർത്താവിന്റെ വരവിനായി കാത്തിരിക്കുന്നവർ എന്നഭിമാനിക്കുന്ന നാം നമ്മുടെ കർത്തവ്യങ്ങൾ വിസ്മരിക്കരുത്. നമുക്കു ലഭിച്ച ആത്മീക കാഴ്ചപ്പാടുകൾക്ക് കോട്ടം തട്ടാതെ ദൈവവചനം അടിസ്ഥാനമാക്കി ആത്മക്കളുടെ വിടുത്തലിനായി അവസരങ്ങൾ ഒരുക്കണം.
ക്രിസ്തുനാഥന്റെ പരസ്യ ശുശ്രൂഷാ കാലയളവിൽ ഒരിക്കൽ കഫർന്നഹൂമിലെ ഭവനത്തിൽ യേശു ഉണ്ടെന്നറിഞ്ഞ് ജനം അവിടെയെത്തി. കൂടെ ഒരു പക്ഷവാതക്കാരനുമുണ്ട്. കർത്താവിനെ അവർക്കു കാണണം. പക്ഷേ വാതില്ക്കൽ പോലും ഇടമില്ലാത്തവിധം ആളുകൾ തിങ്ങിയിരിക്കുകയാണ്. ഈ ജനക്കൂട്ടത്തിനിടയിലേക്ക് ഒരു പക്ഷവാതക്കാരനും കൂടി വന്നാലത്തെ സ്ഥിതി എന്താണ്. പക്ഷവാതക്കാരനും, കൊണ്ടുവന്നവർക്കും അറിയാം യേശുവിനെ ഒന്നു കണ്ടുകിട്ടിയാൽ മതി വിടുതൽ നിശ്ചയമാണ്. പക്ഷേ അകത്തേക്കു കയറുവാൻ നിർവ്വാഹമില്ല. ഈ അവസരത്തിൽ ആ വീട്ടുടയവൻ ത്യാഗമനോഭാവത്തോടെ അവരെ സഹായിക്കുവാൻ സന്നദ്ധനാകുന്നു. അവന്റെ വീടിന്റെ മേൽക്കൂര പൊളിക്കുവാൻ താൻ സമ്മതിക്കുകയാണ്. തന്റെ വീട്ടിൽ കടന്നു വന്നതായ യേശുവിനെ ഇനിയും ചിലർ കൂടി കണ്ട് അനുഗ്രഹിക്കപ്പെടണം എന്ന് അവൻ ആഗ്രഹിക്കുന്നു. അതിന് തന്റെ വീടിന്റെ മേൽക്കൂര ഒരു തടസ്സമാവരുത്. അത് പൊളിക്കപ്പെട്ടു. അതു മുഖാന്തിരം ഒരു പക്ഷവാതക്കാരൻ രക്ഷയുടെ അനുഭവത്തിലേക്കു കടന്നു വന്നു.
ഇന്ന് യേശുവിനെ കാണുവാനുള്ള അമിത മോഹവുമായി വരുന്ന അനേകരുണ്ട്. പലയിടത്തും നാഥനെ തെരഞ്ഞ് നിരാശരായവരുമുണ്ട്. യേശു എന്റെ വീട്ടിലുണ്ടെന്ന് പലരും വീറോടെ വിളിച്ചു പറയുന്നു. പക്ഷേ വാതിൽ കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. പലയിടത്തും യേശു പണ്ടുണ്ടായിരുന്ന ഓർമ്മ മാത്രമേയുള്ളു. നിന്റെ വീട്ടിൽ യേശു ഉണ്ടെന്ന് ജനം കരുതുന്നു. വാഞ്ചയോടെ യേശുവിനെ ദർശിക്കുവാൻ എത്തുന്നവർ നിരാശപ്പെടേണ്ടി വരുമോ? നമ്മുടെ വീട്ടിൽ എഴുന്നള്ളിയിരിക്കുന്ന അരുമനാഥനെ അനേകർക്ക് കാട്ടിക്കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്വം നമുക്കുണ്ട്. ഒരു പക്ഷേ നിന്റെ മേൽക്കൂര പൊളിക്കേണ്ടതായി വന്നേക്കാം. മതിലുകൾ ഇടിക്കേണ്ടതായി വന്നേക്കാം. നഷ്ടങ്ങൾ സഹിക്കേണ്ടതായിവന്നാലും അനേകർ നമ്മിൽ കൂടി യേശുവിനെ കാണട്ടെ. അനുഗ്രഹം പ്രാപിക്കട്ടെ.
Pr. സാം തോമസ്
