വത്തിക്കാന്‍ സിറ്റി: സിറിയയില്‍ നിന്നുള്ള നാല്പത്തിയാറ് അഭയാർത്ഥികളെ കൂടി ഏറ്റെടുത്ത് ഇറ്റലി. ബെയ്‌റൂട്ടിൽനിന്ന് നാല്പത്തിയാറ് സിറിയൻ അഭയാർത്ഥികൾ കൂടി റോമിലെത്തിയതായി കത്തോലിക്ക സംഘടനയായ സാൻ എജിദിയോ അറിയിച്ചു. ലെബനോനിലെ ആക്കാർ പ്രദേശം, ബെക്കാ താഴ്‌വാരം, ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഏറെ നാളുകളായി ക്യാമ്പുകളിൽ കഴിഞ്ഞുവന്നിരുന്ന സിറിയക്കാരാണ് ഒക്ടോബർ ഇരുപത്തിയഞ്ച് ബുധനാഴ്ച രാവിലെ റോമിൽ ഫ്യുമിച്ചീനോയിലുള്ള ലെയനാർഡോ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇറ്റലിയിലെത്തിയത്.
അഭയാർത്ഥികളെ ഇറ്റലിയുടെ ഏഴ് റീജിയനുകളിലായാണ് വിന്യസിക്കുന്നത്. ഇവർക്ക് ഭാഷ പരിശീലനം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസവും സമൂഹത്തിൽ ഒത്തുചേർന്ന് പോകാനുള്ള പരിശീലനവും, അഭയാർത്ഥി എന്ന നിലയിലുള്ള ഔദ്യോഗിക രേഖകൾ ലഭിച്ചതിന് ശേഷം ജോലിയിടങ്ങളിൽ പ്രവേശനവുമൊരുക്കുമെന്ന് സാൻ എജിദിയോ സംഘടന വ്യക്തമാക്കി.