ശ്രീലങ്കയിൽ കലാപം: അഞ്ച് പേർ കൊല്ലപ്പെട്ടു
കൊളംബോ: പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിക്കു പിന്നാലെ ശ്രീലങ്കയിൽ കലാപം. വിവിധയിടങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ എംപി ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെടുകയും 200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സർക്കാർ അനുകൂലികളും പ്രതിപക്ഷ പാർട്ടി പ്രവർത്തകരും തമ്മിലാണ് ശ്രീലങ്കയിൽ ഏറ്റുമുട്ടിയത്. കൊളംബോയിലും മറ്റിടങ്ങളിലും സംഘർഷം പൊട്ടിപ്പുറപ്പെട്ട നിലയാണുള്ളത്. അടിയന്തരാവസ്ഥ തുടരുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ബുധനാഴ്ചവരെയാണ് കർഫ്യൂ നീട്ടിയത്. തിങ്കളാഴ്ച രാജ്യത്ത് നടന്ന അക്രമങ്ങളിൽ അഞ്ച് പേർ മരിച്ചതായി പോലീസ് അറിയിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.
കൂട്ടമായി എത്തിയ പ്രതിഷേധക്കാർ കുരുനഗലയിലെ രാജപക്സെയുടെ വീടിന് തീയിട്ടു. ആയിരക്കണക്കിന് പ്രതിഷേധക്കാർ രാജപക്സെയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയതോടെ പോലീസ് വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. എം പിയായ അമരകീര്‍ത്തി അത്തുകോറളയാണ് കലാപത്തിനിടെ മരിച്ചത്. എം പി സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പ്രതിഷേധക്കാർ രാജ്യത്തെ പ്രധാന റോഡുകൾ പിടിച്ചെടുത്ത് സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുകയാണ്.
